| Sunday, 28th October 2018, 11:48 am

മഞ്ചേശ്വരം തെരഞ്ഞെടുപ്പു കേസില്‍ നിന്ന് പിന്നോട്ടില്ലെന്ന് കെ.സുരേന്ദ്രന്‍; ഉപതെരഞ്ഞെടുപ്പ് വൈകും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഞ്ചേശ്വരം: മഞ്ചേശ്വരം എം.എല്‍.എയായിരുന്ന പി.ബി അബ്ദുല്‍ റസാഖിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള കേസുമായി മുന്നോട്ടുപോകുമെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനപക്ഷത്തുനിന്നുകൊണ്ട് യു.ഡി.എഫും എല്‍.ഡി.എഫും അവരുടെ നിലപാട് മാറ്റണം. ജനതാല്‍പര്യം മാനിച്ചുകൊണ്ട് ആ കേസ് എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ യു.ഡി.എഫും എല്‍.ഡി.എഫും സഹായിക്കണം. മനപ്പൂര്‍വ്വം സാക്ഷികളെ കോടതിയില്‍ ഹാജരാക്കാതിരിക്കാനുള്ള നീക്കം അവസാനിപ്പിക്കണം. അവരെ ബലം പ്രയോഗിച്ച് തടഞ്ഞുവെച്ചിരിക്കുകയാണ്.

Also Read:തൊട്ടടുത്തിരുന്ന് അമിത് ഷാ നടത്തിയ പ്രസ്താവന തള്ളി വെള്ളാപ്പള്ളി: ശബരിമല സമരത്തില്‍ എസ്.എന്‍.ഡി.പിയില്ലെന്ന് വെള്ളാപ്പള്ളി

കോടതിയുടെ ശക്തമായ നിര്‍ദേശമുണ്ടായിട്ടും പൊലീസ് സാക്ഷികളെ കണ്ടെത്താന്‍ സഹായിച്ചില്ല. സാക്ഷികളെ തടയാന്‍ യു.ഡി.എഫിനെ സഹായിക്കുന്ന നടപടിയാണ് എല്‍.ഡി.എഫ് സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചത്.

67 സാക്ഷികളാണ് ഹാജരാവാനുള്ളത്. 67 സാക്ഷികളെ ഒരാഴ്ചകൊണ്ട് ഹാജരാക്കാനാവും. അവര്‍ ഹാജരായാല്‍ എളുപ്പത്തില്‍ ഈ കേസ് അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പി.ബി അബ്ദുല്‍ റസാഖ് അന്തരിച്ച പശ്ചാത്തലത്തില്‍ ഹര്‍ജി തുടരേണ്ട സാഹചര്യമുണ്ടോയെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി കെ. സുരേന്ദ്രനോട് ആരാഞ്ഞിരുന്നു. വിഷയത്തില്‍ രണ്ടുദിവസത്തിനകം മറുപടി അറിയിക്കാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Must Read:ജനം ടിവിക്കെതിരെയും സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെയും സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബിന്ദു തങ്കം കല്ല്യാണി

മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് അടക്കമുള്ള നടപടികളില്‍ നിര്‍ണായകമാണ് ഹൈക്കോടതിക്ക് മുമ്പിലുള്ള ഹര്‍ജി. ഹര്‍ജിയില്‍ നിന്നും സുരേന്ദ്രന്‍ പിന്മാറിയിരുന്നെങ്കില്‍ ആറുമാസത്തിനുള്ളില്‍ മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പിനുള്ള സാഹചര്യമൊരുങ്ങുമായിരുന്നു.

We use cookies to give you the best possible experience. Learn more