|

'നട്ടെല്ല് അങ്ങാടിയില്‍ വാങ്ങാന്‍ കിട്ടില്ല';കളി മലപ്പുറത്താണെന്ന് ഓര്‍ത്തോളണം; സൈബര്‍ ആക്രമണത്തിനെത്തുടര്‍ന്ന് മാപ്പു പറഞ്ഞ ആര്‍.ജെ സൂരജിനെ പരിഹസിച്ച് കെ.സുരേന്ദ്രന്‍

എഡിറ്റര്‍

കോഴിക്കോട്: മലപ്പുറത്ത് മുസ്‌ലീം പെണ്‍കുട്ടികള്‍ ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ചതിനെ പ്രശംസിച്ച ആര്‍.ജെ സൂരജിനെതിരായ സൈബര്‍ ആക്രമണത്തിനെയും സൂരജിന്റെ മാപ്പു പറച്ചിലിനെയും പരിഹസിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.

നട്ടെല്ല് അങ്ങാടിയില്‍ വാങ്ങാന്‍ കിട്ടുന്നതല്ല. സഹായിക്കാന്‍ വിപ്‌ളവമതേതര വാദികളാരും എത്തിയില്ലെന്നും സംഘപരിവാറിന്റെ അസഹിഷ്ണുതയുടെ പേരില്‍ തുള്ളുന്ന ബുജികളും മാധ്യമശിങ്കങ്ങളും കണ്ട ഭാവം നടിച്ചില്ലെന്നും ഫേസ്ബുക്കില്‍ ഇട്ട കുറിപ്പില്‍ സുരേന്ദ്രന്‍ പറയുന്നു.

അവസാനം മാപ്പും പറഞ്ഞ് ഓടുകയും ചെയ്‌തെന്നും സെലക്ടീവ് അസഹിഷ്ണുതാ വാദികള്‍ക്ക് ആസനത്തില്‍ ഒരാലു മുളച്ചാല്‍ അതും തണല്‍!കളി മലപ്പുറത്താണെന്ന് ഓര്‍ത്തോളണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഡിസംബര്‍ ഒന്നാം തിയ്യതി മലപ്പുറത്ത് മുസ്‌ലീം പെണ്‍കുട്ടികള്‍ ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ചതിനെ പ്രശംസിച്ചുകൊണ്ട് ആര്‍.ജെ സൂരജ് രംഗത്ത് വന്ന വീഡിയോ വിവാദമാകുകയായിരുന്നു. ഇസ്‌ലാം മതത്തെ അവഹേളിച്ചു എന്ന രീതിയിലാണ് വീഡിയോ വിവാദത്തിലായത്.


Also Read പ്രിയ സൂരജ്, നിങ്ങള്‍ വിമര്‍ശനം തുടരൂ, ഞങ്ങള്‍ നിങ്ങളോട് മാപ്പ് ചോദിക്കുന്നു; ആര്‍.ജെ സൂരജിന് പിന്തുണയുമായി യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്


തുടര്‍ന്ന് സൂരജ് ജോലി നോക്കുന്ന് റേഡിയോ മലയാളം 98.6 നെതിരെയും പ്രചരണങ്ങള്‍ ശ്കതമായിരുന്നു. സൂരജിനെതിരായ സൈബര്‍ ആക്രമണത്തില്‍ മാപ്പു പറഞ്ഞ് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് രംഗത്തെത്തിയിരുന്നു.

ആര്‍.ജെ സൂരജ് മുസ്ലിം സുഹൃത്തുക്കളോട് മാപ്പ് ചോദിക്കുന്ന വീഡിയോ കണ്ടു. സങ്കടവും അമര്‍ഷവും അടക്കാനാവുന്നില്ലെന്നും മലപ്പുറത്ത് ഫ്‌ലാഷ് മോബ് നടത്തിയ ഏതാനും പെണ്‍കുട്ടികളെ അവഹേളിച്ചവരെ വിമര്‍ശിച്ചതിനാണ് സൂരജിന് ഈ ഗതി വന്നതെന്നും വിശ്വാസികള്‍ എന്ന് സ്വയം മേനി നടിക്കുന്നവര്‍ ഈ നാടിനെ എങ്ങോട്ടാണ് കൊണ്ടു പോകുന്നതെന്നും ഫിറോസ് ചോദിച്ചിരുന്നു.

എഡിറ്റര്‍