കൊച്ചി: സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ഭര്‍ത്താവ് ശശി തരൂരിനെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ ശശിതരൂര്‍ എം.പിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍.ശശി തരൂര്‍ നിയമത്തിനതീതനല്ലെന്നും. നിരപരാധിത്വം കോടതിയിലാണ് തെളിയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
ലോകത്ത് പലയിടത്തും പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസ്സെടുക്കുന്ന തരൂര്‍ രാഷ്ട്രീയ സദാചാരവും ധാര്‍മ്മികതയും അല്പമെങ്കിലും ഉള്ളയാളാണെങ്കില്‍ എംപി സ്ഥാനം രാജിവെച്ച് പ്രോസിക്യൂഷന്‍ നടപടി നേരിടണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
എന്നാല്‍, ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അധികാരമുപയോഗിച്ച് കോണ്‍ഗ്രസ് നേതാക്കളെ അടിച്ചമര്‍ത്താനും അപമാനിക്കാനുമുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ തനിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച ദല്‍ഹി പൊലീസിന്റെ നടപടിയില്‍ പ്രതികരണവുമായി ശശി തരൂര്‍ എം.പി രംഗത്തെത്തിയിരുന്നു. അവിശ്വസനീയമായ കാര്യങ്ങളാണ് കുറ്റപത്രത്തിലുള്ളതെന്നായിരുന്നു തരൂരിന്റെ പ്രതികരണം. കോടതി നടപടി നേരിടുമെന്നും തരൂര്‍ വ്യക്തമാക്കിയിരുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം-
ശശി തരൂര്‍ നിയമത്തിനതീതനല്ല. അദ്ദേഹം നിരപരാധിത്വം കോടതിയിലാണ് തെളിയിക്കേണ്ടത്. ലോകത്തു പലയിടത്തും പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസ്സെടുക്കുന്ന തരൂര്‍ ഉന്നതജനാധിപത്യബോധവും രാഷ്ട്രീയസദാചാരവും ധാര്‍മ്മികതയും അല്പമെങ്കിലും ഉള്ളയാളാണെങ്കില്‍ എംപി സ്ഥാനം രാജിവെച്ച് പ്രോസിക്യൂഷന്‍ നടപടി നേരിടണം.