പത്തനംതിട്ടയില്‍ വീണ്ടും നാമനിര്‍ദേശ പത്രിക നല്‍കാനൊരുങ്ങി കെ. സുരേന്ദ്രന്‍; നീക്കം 243 ക്രിമിനല്‍ കേസുകളില്‍ പ്രതിയെന്ന് അറിഞ്ഞതോടെ
D' Election 2019
പത്തനംതിട്ടയില്‍ വീണ്ടും നാമനിര്‍ദേശ പത്രിക നല്‍കാനൊരുങ്ങി കെ. സുരേന്ദ്രന്‍; നീക്കം 243 ക്രിമിനല്‍ കേസുകളില്‍ പ്രതിയെന്ന് അറിഞ്ഞതോടെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd April 2019, 11:27 am

 

പത്തനംതിട്ട: പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ വീണ്ടും നാമനിര്‍ദേശ പത്രിക നല്‍കും. ആദ്യം നല്‍കിയ പത്രികയില്‍ പിഴവുള്ളതിനാലാണ് വീണ്ടും പത്രിക നല്‍കുന്നത്.

കൂടുതല്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് നടപടി. 243 കേസുകളില്‍ കെ. സുരേന്ദ്രന്‍ പ്രതിയാണെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

20 കേസുകള്‍ തനിക്കെതിരെയുണ്ടെന്നാണ് കെ. സുരേന്ദ്രന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ 29ാം തിയ്യതി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തിലാണ് സുരേന്ദ്രനെതിരെ 243 കേസുകളുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

ഈ സാഹചര്യത്തില്‍ നാമനിര്‍ദേശ പത്രിക തള്ളിപ്പോകാനുള്ള സാധ്യത കണക്കിലെടുത്താണ് ബി.ജെ.പി തിരക്കിട്ട് വീണ്ടും പത്രിക നല്‍കാന്‍ ശ്രമിക്കുന്നത്. ഇതുസംബന്ധിച്ച് കെ. സുരേന്ദ്രന്‍ അഭിഭാഷകരെ കണ്ട് നിയമോപദേശം തേടിയതായാണ് റിപ്പോര്‍ട്ട്.

നാമനിര്‍ദേശ പത്രിക കൊടുത്ത സമയത്ത് ശ്രദ്ധയില്‍പ്പെട്ട കേസുകളാണ് പത്രികയില്‍ ഉള്‍പ്പെടുത്തിയതെന്നും സര്‍ക്കാറിന്റെ പ്രതികാര ബുദ്ധിയാണ് ഇത്രയേറെ കേസുകള്‍ സുരേന്ദ്രനെതിരെ ചുമത്തിയതിനു പിന്നിലെന്നും ബി.ജെ.പി ആരോപിക്കുന്നു.

Also read:തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും ജയിച്ചത് തങ്ങളാണെന്ന അവകാശവാദവുമായി എര്‍ദോഗന്റെ പാര്‍ട്ടി; ജയം അവകാശപ്പെട്ട് പോസ്റ്ററുകളും

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയ്ക്കു പിന്നാലെ ബി.ജെ.പിയുടെ നേതൃത്വത്തില്‍ വലിയ തോതില്‍ പ്രക്ഷോഭങ്ങള്‍ നടന്ന മണ്ഡലമാണ് പത്തനംതിട്ട. തുടര്‍ന്നുണ്ടായ വിവിധ സംഘര്‍ഷങ്ങളുടെ പേരില്‍ സുരേന്ദ്രനുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുത്തിരുന്നു. സന്നിധാനത്ത് യുവതിയെ ആക്രമിച്ച കേസില്‍ സുരേന്ദ്രന്‍ അറസ്റ്റിലാവുകയും 23 ദിവസം ജയിലില്‍ കഴിയുകയും ചെയ്തിരുന്നു.

വീണ ജോര്‍ജാണ് പത്തനംതിട്ടയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. ആന്റോ ആന്റണിയാണ് യു.ഡി.ഫിനുവേണ്ടി പത്തനംതിട്ടയില്‍ മത്സരിക്കുന്നത്.