|

'ശക്തനായി പൊരുതുന്ന നേതാവ്, സുരേന്ദ്രനെ മാറ്റില്ല'; നടക്കുന്നത് വ്യാജ പ്രചാരണമെന്ന് പ്രകാശ് ജാവദേക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് കെ. സുരേന്ദ്രനെ മാറ്റില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയും ബി.ജെ.പി ദേശീയ നോതാവുമായ പ്രകാശ് ജാവദേക്കര്‍.

കെ. സുരേന്ദ്രന്‍ ശക്തനായി പൊരുതുന്ന നേതാവാണെന്നും, കേരളത്തിലെ ബി.ജെ.പി നേതൃത്വം മാറുമെന്നത് തെറ്റായ പ്രചരണമാണെന്നും ജാവദേക്കര്‍ പറഞ്ഞു.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുക സുരേന്ദ്രന്റെ നേതൃത്വത്തിലായിരിക്കും. നേതൃത്വം മാറുമെന്നത് എല്‍.ഡി.എഫും യു.ഡി.എഫും നടത്തുന്ന വ്യാജപ്രചാരണമെന്നും ജാവദേക്കര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കാലാവധി പൂര്‍ത്തിയാക്കിയ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് വീണ്ടുമൊരൂഴം കൂടി നല്‍കണമോയെന്നതില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് ആശയക്കുഴപ്പമുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിലെ വലിയ തോല്‍വിക്ക് ശേഷവും സംസ്ഥാന ബി.ജെ.പിയില്‍ തുടരുന്ന വിഭാഗീയതയാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷവും വിവിധ ജില്ലകളില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ തുടരുന്ന ഐക്യമില്ലായ്മ പാര്‍ട്ടി നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഇതുകാരണം കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ ഗുണങ്ങള്‍ ജനങ്ങളെ വേണ്ടപോലെ അറിയിക്കാന്‍ കഴിഞ്ഞില്ലെന്ന വിമര്‍ശനവുമുണ്ട്.

അതേസമയം, 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ചുവടുറപ്പിക്കാന്‍ ജനപ്രിയരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ് സംസ്ഥാന നേതൃത്വം.

സിനിമ, കായിക രംഗത്തെ സൂപ്പര്‍ താരങ്ങളെയും കലാ, സാഹിത്യ രംഗങ്ങളിലെ പ്രമുഖരെയുമാണ് സ്ഥാനാര്‍ത്ഥികളായി ബി.ജെ.പി ലക്ഷ്യമിടുന്നത്. കേരളത്തിലെ 10 മണ്ഡലങ്ങളിലെങ്കിലും ഇത്തരം സ്ഥാനാര്‍ത്ഥികള്‍ വേണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം.

കേന്ദ്ര നേതൃത്വം പ്രധാന്യം നല്‍കുന്ന തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, പാലക്കാട്, തൃശൂര്‍, മാവേലിക്കര മണ്ഡലങ്ങളിലും സംസ്ഥാന നേതൃത്വം പ്രതീക്ഷ പുലര്‍ത്തുന്ന കൊല്ലം, കാസര്‍ഗോഡ്, ആലപ്പുഴ, കോഴിക്കോട് മണ്ഡലങ്ങളിലും മികവുറ്റ സ്ഥാനാര്‍ഥികളെ നിര്‍ത്താനാണു നീക്കം.

അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് ഈ ഒക്ടോബറില്‍ തന്നെ പട്ടികയുണ്ടാക്കാനാണ് പദ്ധതി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കി തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബി.ജെ.പി നേതൃത്വത്തിന്റെ മറ്റൊരു പദ്ധതി.

കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പ് വരെ ജയസാധ്യതയുള്ള ആറ് മണ്ഡലങ്ങളെ എ ഗ്രേഡ് വിഭാഗത്തിലാക്കിയായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ പ്രചാരണം. എന്നാല്‍ ഇത് മാറ്റി 20 മണ്ഡലത്തിനും പ്രാധാന്യം നല്‍കണമെന്ന് കേന്ദ്ര നേതൃത്വമാണ് സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Content Highlight: K Surendran Will not Replaced Says Prakash Javadekar