| Friday, 30th November 2018, 11:37 am

സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ കെ. സുരേന്ദ്രന് ജാമ്യമില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് 52 കാരിയായ സ്ത്രീയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യമില്ല.

പത്തനംതിട്ട സെഷന്‍സ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. കേസില്‍ വാറണ്ടില്ലാതെയാണ് സുരേന്ദ്രനെ കസ്റ്റഡിയില്‍ വെച്ചതെന്ന അഭിഭാഷകന്‍ രാം കുമാറിന്റെ വാദം കോടതി തള്ളി.

വിഷയത്തില്‍ അധിക വാദത്തിന് പൊലീസ് കോടതിയില്‍ അനുമതി തേടിയിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ ജയിലില്‍ നിന്ന് 21 ാം തിയതി തന്നെ വാറണ്ട് നല്‍കിയിരുന്നെന്ന് പൊലീസ് ബോധിപ്പിച്ചു.

സന്നിധാനത്ത് വെച്ച് സ്ത്രീയെ ആക്രമിച്ച കേസില്‍ സുരേന്ദ്രന്‍ മുന്‍പ് സമര്‍പ്പിച്ച ജാമ്യാപേക്ഷ റാന്നി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. മകന്റെ കുട്ടിയുടെ ചോറൂണിന് എത്തിയ തൃശൂര്‍ സ്വദേശി ലളിതയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് കെ. സുരേന്ദ്രനെതിരെ ഉള്ളത്.


അന്നദാനത്തിനുള്ള കരാര്‍ ആര്‍.എസ്.എസിനെന്നല്ല ഒരു സംഘടനയ്ക്കും നല്‍കിയിട്ടില്ല; പഴയ കഥകളൊന്നും ഇപ്പോള്‍ പറയുന്നില്ല: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്


ഈ കേസില്‍ 13 ാം പ്രതിയാണ് സുരേന്ദ്രന്‍. പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ സുരേന്ദ്രന് കണ്ണൂര്‍ കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. പക്ഷേ ഗൂഢാലോചന കേസ് നിലനില്‍ക്കുന്നതിനാല്‍ പുറത്തിറങ്ങാനായിരുന്നില്ല.

അതേസമയം കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലും ട്രെയിന്‍ തടഞ്ഞ കേസിലും സുരേന്ദ്രന് ഇന്ന് ജാമ്യം ലഭിച്ചു.
സ്ത്രീയെ ആക്രമിച്ച കേസില്‍ സുരേന്ദ്രന് ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സുരേന്ദ്രന്റെ അഭിഭാഷകന്‍ പറഞ്ഞിരുന്നു.

ശബരിമല അക്രമസംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുരേന്ദ്രന് നെയ്യാറ്റിന്‍കര തഹസില്‍ദാരെ ഉപരോധിച്ച കേസില്‍ കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു

കെ.സുരേന്ദ്രനെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ ദിവസം പൊലീസ് എത്തിച്ചിരുന്നു. കൊട്ടാരക്കര ജയിലില്‍നിന്നാണ് സുരേന്ദ്രനെ തിരുവനന്തപുരത്തെത്തിച്ചത്. കണ്ണൂരില്‍നിന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന സുരേന്ദ്രന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more