|

പ്രതികളെവിടെയെന്ന് കോടതി; മഞ്ചേശ്വരം കോഴക്കേസില്‍ കെ.സുരേന്ദ്രന്‍ ഇന്ന് ഹാജരാകും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മഞ്ചേശ്വരം കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഇന്ന് കോടതിയില്‍ ഹാജരാകും. കാസര്‍കോഡ് ജില്ല സെഷന്‍സ് കോടതിയിലാകും സുരേന്ദ്രനും മറ്റു അഞ്ച് പ്രതികളും ഹാജരാകുക. വിചാരണ നടപടികള്‍ക്കായി പ്രതികള്‍ നേരിട്ട് ഹാജരാകാത്തതിനെ കഴിഞ്ഞ ദിവസം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് സുരേന്ദ്രനടക്കമുള്ള പ്രതികള്‍ നേരിട്ട് ഹാജരാകുന്നത്.

അഞ്ച് തവണയാണ് കോടതി നേരത്തെ ഈ കേസ് പരിഗണിച്ചത്. ഏറ്റവും ഒടുവില്‍ ഈ കേസ് പരിഗണിച്ചപ്പോഴാണ് കെ.സുരേന്ദ്രനടക്കമുള്ള പ്രതികള്‍ നേരിട്ട് ഹാജരാകാത്തതിനെ കോടതി വിമര്‍ശിച്ചത്. എവിടെയാണ് പ്രതികളെന്ന് കോടതി കര്‍ശനമായി ചോദിക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് സുരേന്ദ്രനും മറ്റു അഞ്ച് പ്രതികളും ഇന്ന് ഹാജരാകുന്നത്.

കെ.സുന്ദര എന്ന പേരുള്ള ഒരാള്‍ മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ സുരേന്ദ്രന് അപരനായി നില്‍ക്കുമെന്നും ഇത് സുരേന്ദ്രന് തെരഞ്ഞെടുപ്പില്‍ ഭീഷണിയാകുമെന്ന ചര്‍ച്ചകളെ തുടര്‍ന്ന് രണ്ട് ലക്ഷം രൂപ നല്‍കി അദ്ദേഹത്തെ പിന്തിരിപ്പിച്ചു എന്നതാണ് മഞ്ചേശ്വരം കോഴക്കേസ്. പണത്തിന് പുറമെ മൊബൈല്‍ ഫോണും സുന്ദരക്ക് നല്‍കിയിരുന്നു. ഇന്ത്യന്‍ ജനായത്ത നിയമത്തിലെ വകുപ്പുകള്‍ പ്രകാരം ഇത് ഗുരുതരമായതും തടവ് ശിക്ഷ ലഭിക്കേണ്ടതുമായ കുറ്റമാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത് കേസായത്.

ഈ കേസാണ് ഇപ്പോള്‍ വിചാരണ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. വളരെ ഗൗരവകരമായ കുറ്റങ്ങള്‍ ചാര്‍ത്തിക്കൊണ്ടുള്ള കുറ്റപത്രമാണ് പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ചിട്ടുള്ളത്. ഈ കേസിന്റെ വിചാരണയുടെ ഒരു ഘട്ടത്തിലും കെ. സുരേന്ദ്രനോ മറ്റു പ്രതികളോ ഹാജരായിരുന്നില്ല. പ്രതികള്‍ രാഷ്ട്രീയ ശക്തി ഉപയോഗിച്ച് കേസില്‍ ഹാജാരാകാതെ മാറിനില്‍ക്കുന്നു എന്ന പരാമര്‍ശവും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് കെ. സുരേന്ദ്രനും, ബി.ജെ.പി ജില്ലാ സെക്രട്ടറിയും സുരേന്ദ്രന്റെ അടുത്ത അനുയായിയുമായ സുനില്‍ നായിക് അടക്കമുള്ളവര്‍ ഹാജരാകുന്നത്.

CONTENT HIGHLIGHTS: K.Surendran will appear today in the Manjeshwaram corruption case