ശബരിമല:സന്നിധാനത്തേക്ക് പുറപ്പെട്ട ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തു. മൂന്നംഗ സംഘത്തോടൊപ്പമെത്തിയ സുരേന്ദ്രനെ നിലയ്ക്കലില്‍ വെച്ച് പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടെങ്കിലും ഒരു കാരണവശാലും സന്നിധാനത്തേക്ക് കടത്തിവിടില്ലെന്ന് പൊലീസ് നിലപാടെടുക്കുകയായിരുന്നു.
എന്നാല്‍ വെടിവെയ്പ്പില്ലാതെ അറസ്റ്റിന് വഴങ്ങില്ലെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. എസ്.പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തത്. സെക്ഷന്‍ 151 വകുപ്പ് ചുമത്തിയാണ് സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ക്രമസമാധാനം തകര്‍ക്കാന്‍ നോക്കിയതിന്റെ പേരിലാണ് പൊലീസ് നടപടി.
നട അടയ്ക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് വരെ മാത്രമേ തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടൂവെന്നും രാത്രിയില്‍ സന്നിധാനത്തേക്ക് ആരെയും കടത്തിവിടില്ലെന്നുമായിരുന്നു എസ്.പിയുടെ നിലപാട്. എന്നാല്‍ സന്നിധാനത്തേക്ക് എന്തുവന്നാലും പോകുമെന്ന ഉറച്ച നിലപാടായിരുന്നു കെ.സുരേന്ദ്രന്റേത്.
താന്‍ കെഎസ്ആര്‍ടിസി ബസില്‍ സന്നിധാനത്തേക്ക് പോകുമെന്ന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞ ശേഷമാണ് കെ.സുരേന്ദ്രന്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലേക്ക് പുറപ്പട്ടത്. എന്നാല്‍ നിലയ്ക്കലില്‍ ക്രമസമാധാന ചുമതലയുള്ള എസ്പി യതീഷ് ചന്ദ്ര പോകാനനുവദിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ഇരുമുടിക്കെട്ടുമായി അയ്യപ്പനെ കാണാന്‍ തനിക്ക് പോയേ പറ്റുമെന്നായിരുന്നു കെ.സുരേന്ദ്രന്‍റെ മറുപടി.
തനിക്ക് വാഹന പാസ് ഉണ്ടെന്നും ശബരിമലയില്‍ രാവിലെ നെയ്യഭിഷേകത്തിനും ഗണപതിഹോമത്തിനും വഴിപാടുണ്ടെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ഒരു കാരണവശാലും സുരേന്ദ്രനെ കടത്തിവിടരുതെന്ന് എസ്പി യതീഷ് ചന്ദ്ര പൊലീസുകരോട് പറഞ്ഞു.
അതിനിടെ, ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല വീണ്ടും സന്നിധാനത്തേക്ക് എത്തുമെന്ന് പോലീസിന് വിവരം ലഭിച്ചതോടെ നിലയ്ക്കലില്‍ അടക്കം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മരക്കൂട്ടത്തുനിന്ന് പോലീസ് അറസ്റ്റുചെയ്ത ശശികലയ്ക്ക് ജാമ്യം ലഭിച്ചതോടെയാണ് വീണ്ടും സന്നിധാനത്തേക്ക് എത്തുന്നത്.
ശബരിമലയിലേക്കുള്ള യാത്രാമധ്യേ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്ത കെ.പി ശശികലയ്ക്ക് ശനിയാഴ്ച വൈകീട്ടോടെയാണ് ജാമ്യം ലഭിച്ചത്. ഇതേത്തുടര്‍ന്ന് കരിക്ക് കുടിച്ച് ഉപവാസം അവസാനിപ്പിച്ച ശശികല ആരോഗ്യം അനുവദിച്ചാല്‍ സന്നിധാനത്തേക്ക് പോകുമെന്ന് വ്യക്തമാക്കിയിരുന്നു.