| Tuesday, 12th March 2019, 12:34 pm

ശബരിമല തകര്‍ക്കാന്‍ പിണറായിയും കൂട്ടരും നടത്തിയ ഗൂഢനീക്കം ജനങ്ങളോട് പറയുക തന്നെ ചെയ്യും: തെരഞ്ഞെടുപ്പു കമ്മീഷനെ വെല്ലുവിളിച്ച് കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശബരിമല വിഷയം തെരഞ്ഞെടുപ്പു പ്രചരണത്തിന് ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശം അംഗീകരിക്കില്ലെന്ന നിലപാടുമായി ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ഫേസ്ബുക്കിലൂടെയാണ് സുരേന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്.

” ശബരിമല തകര്‍ക്കാന്‍ പിണറായി വിജയനും കൂട്ടരും നടത്തിയ ഗൂഢനീക്കം ജനങ്ങളോട് പറയുകയ തന്നെ ചെയ്യും. ചട്ടങ്ങളും നിയമങ്ങളും അറിഞ്ഞുതന്നെയാണ് ഞങ്ങളും പൊതുരംഗത്ത് നില്‍ക്കുന്നത്.” എന്നാണ് കെ.സുരേന്ദ്രന്റെ വെല്ലുവിളി.

അമിതാധികാരപ്രയോഗം നടത്തിയാല്‍ അതംഗീകരിക്കാന്‍ ആത്മാഭിമാനമുള്ളവര്‍ക്ക് കഴിയില്ലെന്നു പറഞ്ഞാണ് സുരേന്ദ്രന്‍ തെരഞ്ഞെടുപ്പു കമ്മീഷനെ വെല്ലുവിളിക്കുന്നത്.

Also read:വിജയസാധ്യതയില്ലാത്ത സീറ്റ് വേണ്ട; തീരുമാനത്തില്‍ ഉറച്ച് സുരേന്ദ്രന്‍; പത്തനംതിട്ടയോ തൃശൂരോ തന്നില്ലെങ്കില്‍ മത്സരിക്കില്ല

മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലിട്ട ഒരു കുറിപ്പിലെ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് കെ. സുരേന്ദ്രന്‍ ഇത്തരമൊരു വെല്ലുവിളി നടത്തിയത്. “മോദി ഭരണത്തില്‍ രാജ്യം കണ്ടത് ജനദ്രോഹവും കര്‍ഷക ദ്രോഹവുമാണ്. രാജ്യത്തിന്റെ മതനിരപേക്ഷതയുടെ പ്രതീകമായ ബാബറി മസ്ജിദ് സംഘപരിവാര്‍ തകര്‍ത്തു. ” എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് കെ. സുരേന്ദ്രന്‍ തെരഞ്ഞെടുപ്പു കമ്മീഷനെതിരെ രംഗത്തുവന്നത്.

സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന കണ്ടുകാണുമോ ആവോ?തെരഞ്ഞെടുപ്പു കമ്മീഷണര്‍ അമിതാധികാരപ്രയോഗം നടത്തിയാല്‍ അതംഗീകരിക്കാന്‍ ആത്മാഭിമാനമുള്ളവര്‍ക്ക് കഴിയില്ല. ശബരിമല തകര്‍ക്കാന്‍ പിണറായി വിജയനും കൂട്ടരും നടത്തിയ ഗൂഡനീക്കം ജനങ്ങളോട് പറയുക തന്നെചെയ്യും. ചട്ടങ്ങളും നിയമങ്ങളും അറിഞ്ഞു തന്നെയാണ് ഞങ്ങളും പൊതുരംഗത്ത് നില്‍ക്കുന്നത്.

ശബരിമല ഉള്‍പ്പെടെയുള്ള മതപരമായ വിഷയങ്ങള്‍ സാമുദായിക ധ്രുവീകരണം ഉണ്ടാക്കുംവിധം പ്രചരണായുധമാക്കാനാവില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ അറിയിച്ചിരുന്നു.

സാമുദായിക ധ്രുവീകരണമുണ്ടാക്കുന്ന തരത്തില്‍ ശബരിമല വിഷയത്തെ രാഷ്ട്രീയ കക്ഷികള്‍ പ്രചാരണത്തിനുയോഗിച്ചാല്‍ അത് ചട്ടലംഘനമാകും. സുപ്രീംകോടതി വിധിയെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതും ചട്ടലംഘനമാണ്. വിഷയത്തില്‍ അടുത്ത ദിവസം രാഷ്ട്രീയ കക്ഷികളുമായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ഇതിനു പിന്നാലെ തന്നെ കെ. സുരേന്ദ്രനും കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനും തെരഞ്ഞെടുപ്പു കമ്മീഷനെതിരെ രംഗത്തുവന്നിരുന്നു.

Also read: നാണം കെട്ട് ഇനിയും കെ.എം മാണിയുടെ കൂടെ തുടരണമോ എന്ന് പി.ജെ ജോസഫ് ആലോചിക്കട്ടെ; മഴയ്ക്ക് മുന്‍പേ കുടപിടിക്കണോയെന്നും കോടിയേരി

തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം തെറ്റാണെന്നും കമ്മീഷന്‍ തീരുമാനത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ നിയമാനുസൃതമായ നടപടകളിലേക്ക് യു.ഡി.എഫ് നീങ്ങുമെന്നുമാണ് സുധാകരന്‍ പറഞ്ഞത്. കമ്മീഷന്‍ നടപ്പാക്കുന്നത് ആരുടെ നിര്‍ദേശമാണെന്നും പരിഹാസ്യമായ തീരുമാനം കമ്മീഷന്‍ പുന:പരിശോധിക്കണമെന്നും സുധാകരന്‍ പറഞ്ഞിരുന്നു. ശബരിമല വിഷയം ചര്‍ച്ച ചെയ്യാത്ത തെരഞ്ഞെടുപ്പ് കേരളത്തില്‍ ഉണ്ടാകില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

ശബരിമല ഉള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങളും പ്രചാരണ വിഷയമാക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് അവകാശമുണ്ടെന്നും വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാട് ചര്‍ച്ചയായി ഉയര്‍ത്തികൊണ്ടുവരുമെന്നും സുരേന്ദ്രനും പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more