കൊച്ചി: തൃക്കാക്കരയില്‍ ട്വന്റി 20യുടെ പിന്‍മാറ്റത്തോടെ ആ വോട്ടുകള്‍ ഗുണം ചെയ്യുക എന്‍.ഡി.എയ്ക്ക് ആയിരിക്കുമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. എല്‍.ഡി.എഫ്- യു.ഡി.എഫ് വിരുദ്ധ വോട്ടുകളാണ് ട്വന്റി 20 കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പിടിച്ചതെന്നും തൃക്കാക്കരയിലെ ഇന്നത്തെ സാമൂഹ്യ അന്തരീക്ഷം എന്‍.ഡി.എയ്ക്ക് അനുകൂലമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഭീകരവാദ ശക്തികള്‍ നടത്തുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്ന സമൂഹം ഒറ്റക്കെട്ടായി എന്‍.ഡി.എയ്ക്ക് ഒപ്പം നില്‍ക്കും. മതഭീകരവാദ ശക്തികളെ വോട്ട് ബാങ്കിന് വേണ്ടി ഉപയോഗിക്കുകയാണ് എല്‍.ഡി.എഫും യു.ഡി.എഫും ചെയ്യുന്നതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
ക്രൈസ്തവ സമൂഹത്തിന്റെ പരാതികള്‍ കേള്‍ക്കാനോ പരിഹരിക്കാനോ ഭരിക്കുന്ന കക്ഷിയോ പ്രധാന പ്രതിപക്ഷമോ തയ്യാറായിട്ടില്ല. അവര്‍ മതഭീകരവാദികളെ സഹായിക്കുന്നതിന്റെ പിന്നാലെയാണ്. അതുകൊണ്ടു തന്നെ ക്രൈസ്തവ സമൂഹത്തിന് ആശങ്ക വളരെ ശക്തമാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
കെ റെയില്‍ ചര്‍ച്ച ചെയ്യുമെന്ന് പറഞ്ഞവര്‍ തന്നെ കുറ്റിയടി നിര്‍ത്തിവെച്ചിരിക്കുകയാണ്. അതിന്റെ അര്‍ത്ഥം അത് തുടര്‍ന്നാല്‍ അവര്‍ക്ക് തിരിച്ചടിയാകുമെന്നാണ്. സില്‍വര്‍ ലൈന്‍ വരുന്നതിനെതിരെ ശക്തമായ നിലപാട് കേരളത്തിലെ ബി.ജെ.പി സ്വീകരിച്ചിട്ടുണ്ട്. അത് വോട്ടര്‍മാര്‍ക്ക് അറിയാമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
കെ. സുരേന്ദ്രന്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍ എന്നിവര്‍ക്കൊപ്പം കളക്ടറേറ്റിലേക്ക് പ്രകടനമായി എത്തിയാണ് വരണാധികാരിക്ക് ബി.ജെ.പി സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്‍ നാമനിര്‍ദേശ പത്രിക നല്‍കിയത്.
തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്ന് പത്രികാ സമര്‍പ്പണത്തിന് ശേഷം എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു. ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷനാണ് കെട്ടിവയ്ക്കാനുള്ള പണം കൈമാറിയതെന്നും സ്ഥാനാര്‍ത്ഥി വ്യക്തമാക്കി.