| Sunday, 18th November 2018, 4:32 pm

പൊലീസ് നടപടിയിലുടനീളം സുരേന്ദ്രന്‍ ശ്രമിച്ചത് ഇരുമുടികെട്ടിനെ മുന്‍നിര്‍ത്തി പ്രകോപനം സൃഷ്ടിക്കാന്‍; ഗൂഢലക്ഷ്യം തകര്‍ത്തത് സി.സി.ടി.വി ദൃശ്യങ്ങള്‍

ജിന്‍സി ടി എം

പത്തനംതിട്ട: ശബരിമലയിലേക്ക് കൊണ്ടുപോയ ഇരുമുടിക്കെട്ടിനെ മുന്നില്‍വെച്ചു വിശ്വാസി സമൂഹത്തെ പ്രകോപിപ്പിക്കാന്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ നടത്തിയ ശ്രമങ്ങള്‍ പൊളിച്ചത് പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി. ഇരുമുടികെട്ടിനെ പ്രകോപനം സൃഷ്ടിക്കാനുള്ള ആയുധമെന്ന തരത്തിലാണ് കഴിഞ്ഞദിവസം പൊലീസുമായുണ്ടായ വാക്കേറ്റം മുതല്‍ കെ. സുരേന്ദ്രന്‍ ഉപയോഗിച്ചത്.

ഇരുമുട്ടിക്കെട്ടിനെന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങള്‍ പൊതുസമൂഹത്തോട് മാപ്പുപറയേണ്ടിവരുമെന്ന് പറഞ്ഞുകൊണ്ട് പൊലീസിനെ നേരിട്ട കെ. സുരേന്ദ്രന്‍ പിന്നീട് പൊലീസ് സ്റ്റേഷനില്‍ വെച്ച് ഇരുമുടിക്കെട്ട് രണ്ടുതവണ നിലത്തിടാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പൊലീസാണ് രണ്ടുതവണയും സുരേന്ദ്രന്റെ ഇരുമുടികെട്ട് നിലത്തുനിന്നെടുത്ത് അദ്ദേഹത്തിന്റെ ചുമലില്‍ വെച്ചുകൊടുക്കുന്നത്. എന്നാല്‍ ഇതേ സുരേന്ദ്രന്‍ പിന്നീട് മാധ്യമങ്ങള്‍ക്കുമുമ്പില്‍ പൊലീസ് തന്റെ ഇരുമുടിക്കെട്ട് പൊലീസ് നിലത്തിട്ടു ചവിട്ടിയെന്നാണ്.

രാത്രി സന്നിധാനത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച കെ. സുരേന്ദ്രനേയും കൂട്ടരേയും പൊലീസ് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് കെ. സുരേന്ദ്രന്‍ ഇരുമുടികെട്ടിനെ വൈകാരികമായി ഉപയോഗിച്ചത്. ഈ വേളയില്‍ ഇരുമുടിക്കെട്ടില്‍ തൊട്ടുകൊണ്ട് കെ. സുരേന്ദ്രന്‍ പലതവണ ആവര്‍ത്തിച്ചത് പവിത്രമായ ഇരുമുടിക്കെട്ടിനെന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങള്‍ പൊതുസമൂഹത്തോട് മാപ്പു പറയേണ്ടിവരും.

“നിങ്ങള് ഈ ഇരുമുടിക്കെട്ടിനെ.. ഇത് നിലത്തുവീഴുകയോ എന്തെങ്കിലും സംഭവിച്ചാല്‍.. നിങ്ങള് നാളെ, ലോകം മുഴുവന്‍ കാണുന്നുണ്ട്. നിങ്ങളുടെ ഉദ്ദേശം പൊളിറ്റിക്കലാണെങ്കില്‍ അത് വേറെ നടത്തിക്കൊള്ളുക. ഞാന്‍ പോയി വന്നതിനുശേഷം നിങ്ങള് അറസ്റ്റു ചെയ്തുകൊള്ളുക. ഇത് എന്റെ റൈറ്റാണ് അവിടെപ്പോയി നെയ്യഭിഷേകം ചെയ്യുകയെന്നത്. മാത്രമല്ല ഞാന്‍ ഗണപതിഹോമം ചീട്ടാക്കിയിട്ടുണ്ട്. അതെന്റെ റൈറ്റാണ്. ഞാന്‍ പോയിരിക്കും, നിങ്ങള് വെടിവെച്ചു കൊല്ലുന്നേല്‍ കൊല്ല്.

Also Read:പൊലീസ് എടുത്തുകൊടുത്തിട്ടും കെ. സുരേന്ദ്രന്‍ ബോധപൂര്‍വ്വം രണ്ടുതവണ ഇരുമുടിക്കെട്ട് നിലത്തിട്ടു; ദൃശ്യങ്ങള്‍ പുറത്തുവിട്ട് കടകംപള്ളി സുരേന്ദ്രന്‍

ഇതിന് എന്തെങ്കിലും സംഭവിച്ചാല്‍ ഒരു വലിയ സമൂഹത്തോട് നിങ്ങള്‍ മാപ്പു പറയേണ്ടിവരും. ഈ ഇരുമുടിക്കെട്ട് ന്നു പറഞ്ഞാല്‍ റഹനാ ഫാത്തിമ കൊണ്ടുവന്ന സാധനമല്ല. ഇത് നെയ്യഭിഷേകം ചെയ്ത് നെയ്‌ത്തേങ്ങ നിറച്ചുകൊണ്ടുവന്നതാണ്. ഇതിന് എന്തെങ്കിലും ഒന്ന്, ഞങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന രീതിയിലാണ് നിങ്ങള്‍ പെരുമാറുന്നതെങ്കില്‍ വലിയ ഇഷ്യുവാകും ഇത്. എന്റെ ഇരുമുടിക്കെട്ട്, എന്റെ ഇരുമുടിക്കെട്ടിനെന്തെങ്കിലും സംഭവിച്ചാല്‍.. ഇതിന്റെ റൈറ്റാണ് ഇതില്‍ തൊട്ടുകളിക്കാന്‍ നിങ്ങള്‍ക്ക് അധികാരമില്ല. ”

“ഇതെടുത്തിട്ട് വെറുതെ വന്നതാണെന്നാണോ വിചാരിക്കുന്നത്. ഈ ഇരുമുടിക്കെട്ടില്‍ നിറച്ചിരിക്കുന്നത് നെയ്യഭിഷേകം ചെയ്യാനുള്ള നെയ്യാണ്.

എന്നാണ് സുരേന്ദ്രന്‍ പൊലീസുമായുള്ള വാക്കുതര്‍ക്കത്തിനിടെ പറഞ്ഞത്.

ഇന്നുരാവിലെ കെ. സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞത് പൊലീസ് ഇരുമുടിക്കെട്ട് നിലത്തിട്ടു ചവിട്ടിയെന്നാണ്. റിമാന്‍ഡിലായി ജയിലിലേക്ക് കൊണ്ടുപോകും വഴിയും അദ്ദേഹം ഇരുമുടികെട്ടിനെ മുന്‍നിര്‍ത്തി വൈകാരികമായ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിച്ചിരുന്നു. “ഒരു പ്രധാന കാര്യം നിങ്ങളോട് പറയാനുള്ളത്, പവിത്രമായിട്ടുള്ള ഈ ഇരുമുടിക്കെട്ട് ജയിലില്‍ സൂക്ഷിക്കാനും അവിടെ രണ്ടുനേരം അവിടെ പ്രാര്‍ത്ഥന നടത്താനുമുള്ള അനുമതി തന്നിട്ടുണ്ട്. ” എന്നാണ് സുരേന്ദ്രന്‍ ജയിലിലേക്ക് കൊണ്ടുപോകും വഴി മാധ്യമങ്ങളോട് പറഞ്ഞത്.

Also Read:കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നാളെ പമ്പയില്‍; പ്രഖ്യാപനം ബി.ജെ.പി ദേശീയ നേതാക്കള്‍ ശബരിമലയില്‍ എത്തുമെന്ന വാര്‍ത്തക്കു പിന്നാലെ

എന്നാല്‍ ഇരുമുടികെട്ടിനെ മുന്‍നിര്‍ത്തി വിശ്വാസികളില്‍ പ്രകോപനം സൃഷ്ടിക്കാനായിരുന്നു സുരേന്ദ്രന്റെ ശ്രമമെന്നും അദ്ദേഹം അവകാശപ്പെടുന്ന തരത്തില്‍ ഇരുമുടിക്കെട്ടിന് വില കല്‍പ്പിച്ചിരുന്നില്ലെന്നും വ്യക്തമാക്കുന്നതാണ് പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍. പൊലീസ് പുറത്തേക്ക് കൊണ്ടുവരും വഴി സ്റ്റേഷനു മുമ്പില്‍ വെച്ച് സുരേന്ദ്രന്‍ ഇരുമുടിക്കെട്ട് താഴെയിടുകയാണ് ചെയ്യുന്നത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട പൊലീസുകാര്‍ അത് നിലത്തുനിന്നും എടുത്ത് സുരേന്ദ്രന്റെ തോളിലിട്ടു കൊടുക്കുന്നു. എന്നാല്‍ സുരേന്ദ്രന്‍ വീണ്ടും അത് താഴെയിടുന്നതാണ് വീഡിയോയില്‍ കാണുന്നു. അതോടെ പൊലീസുകാര്‍ വീണ്ടും ഇരുമുടിക്കെട്ട് തോളിലേക്കു ഇട്ടുനല്‍കുകയും ചെയ്യുന്നു.

ഇരുമുടിക്കെട്ടുമായി ബന്ധപ്പെട്ട സുരേന്ദ്രന്റെ പരാമര്‍ശങ്ങള്‍ ദുഷ്ടലാക്കോടുകൂടിയുള്ളതാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും നേരത്തെ ആരോപിച്ചിരുന്നു.

ജിന്‍സി ടി എം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2010 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more