| Sunday, 8th November 2020, 1:24 pm

ആര്‍.എസ്.എസ് ഇടപ്പെട്ടിട്ടും രക്ഷയില്ല; ഗ്രൂപ്പ് പോര് മുറുകുന്നു; ശോഭാ സുരേന്ദ്രനെ പാര്‍ട്ടിയില്‍ അവസരം കിട്ടാത്തവരെ നിരത്തി പ്രതിരോധിക്കാന്‍ കെ.സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന ബി.ജെ.പിയിലെ ഗ്രൂപ്പ് പോര് മുറുകുന്നു. പ്രശ്‌ന പരിഹാരത്തിന് ആര്‍.എസ്.എസ് ഇടപ്പെട്ടിട്ടും കാര്യമായ പുരോഗതിയില്ല. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെതിരെ പാര്‍ട്ടിയില്‍ ഇതുവരെ അവസരം കിട്ടാത്തവരെ വെച്ച് പ്രതിരോധിക്കാനാണ് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ വിഭാഗത്തിന്റെ തീരുമാനം.

അതേസമയം ജില്ലകളില്‍ അവഗണിക്കപ്പെട്ടവരെ അണിനിരത്തി കെ.സുരേന്ദ്രനെതിരായ ഗ്രൂപ്പ് പോര് ശക്തമാക്കാനാണ് ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്നവരുടെ തീരുമാനം. കെ. സുരേന്ദ്രനെതിരെ സമ്മര്‍ദ്ദം ശക്തമാക്കുകയാണ് ലക്ഷ്യം.

സംസ്ഥാന നേതൃത്വത്തിന് പുറമെ പുനഃസംഘടനയില്‍ ജില്ലകളിലും അസ്വസ്ഥരായവരെ കൂടെ കൂട്ടാനാണ് ശോഭയുടെ നീക്കം. നേരത്തെ പരസ്യമായി തന്റെ എതിര്‍പ്പ് ശോഭാ സുരേന്ദ്രന്‍ അറിയിച്ചിട്ടും നേതൃത്വം അത് പാടെ അവഗണിച്ചിരുന്നു.

നേരത്തെ ഗ്രൂപ്പ് തര്‍ക്കം പരസ്യമായ സാഹചര്യത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ വിളിച്ച് വരുത്തി ആര്‍.എസ്.എസ് താക്കീത് നല്‍കിയിരുന്നു. പ്രശ്നം ഉടന്‍ പരിഹരിക്കണമെന്നാണ് ആര്‍.എസ്.എസ് സുരേന്ദ്രനോട് ആവശ്യപ്പെട്ടത്.

വിഷയം ഇത്രയും വലുതാവുന്നതുവരെ നീട്ടിക്കൊണ്ടുപോയതിലുള്ള അതൃപ്തിയും ആര്‍.എസ്.എസ് സുരേന്ദ്രനെ അറിയിച്ചിരുന്നു. കെ. സുരേന്ദ്രനെതിരെ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനും ആര്‍.എസ്.എസിനും ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ പരാതി നല്‍കിയിരുന്നു.

ഇതിനെ തുടര്‍ന്ന് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം എറണാകുളം എളമക്കരയിലെ ആര്‍.എസ്.എസ് കാര്യാലയത്തിലേക്ക് സുരേന്ദ്രനെ വിളിച്ചുവരുത്തുകയായിരുന്നു. ആര്‍.എസ്.എസ് പ്രാന്ത പ്രചാരക് ഹരികൃഷ്ണന്‍, സംസ്ഥാന പ്രാന്തകാര്യവാഹക് ഗോപാലന്‍കുട്ടി മാസ്റ്റര്‍, സംസ്ഥാന സഹപ്രാന്ത കാര്യവാഹക് സുദര്‍ശന്‍ തുടങ്ങിയവരാണ് യോഗത്തില്‍ ഉണ്ടായിരുന്നത്.

തര്‍ക്കം ഈ രീതിയില്‍ പോകുകയാണെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്നും പരാജയപ്പെട്ട സംസ്ഥാന അധ്യക്ഷനെന്ന പേര് വിളിച്ചുവരുത്തരുതെന്നും സുരേന്ദ്രന് ആര്‍.എസ്.എസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ തന്റെത് പതിവ് സന്ദര്‍ശനമാണെന്നും രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നുമാണ് സുരേന്ദ്രന്‍ പറഞ്ഞത്. പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്നങ്ങള്‍ പരിഹരിക്കേണ്ട സ്ഥലമല്ല ആര്‍.എസ്.എസ് കാര്യാലയമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: K. Surendran to defend Sobha Surendran against those who did not get a chance in the party

We use cookies to give you the best possible experience. Learn more