കൊല്ലം: നിരോധനാജ്ഞ ലംഘിച്ച് ശബരിമലയില്‍ കടക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ അറസ്റ്റിലായ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലില്‍ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുപോയി. പ്രൊഡക്ഷന്‍ വാറണ്ട് നിലനില്‍ക്കുന്നതിനാല്‍ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കുന്നതിനാണ് ഇദ്ദേഹത്തെ കണ്ണൂരിലേക്ക് കൊണ്ടുപോയത്.
ഫസല്‍ വധക്കേസില്‍ അര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുബീഷിനെ ചോദ്യംചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ. സുരേന്ദ്രനെ നാളെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കും.
Read Also : ഞാന്‍ സംഘിയല്ല, പക്ഷെ എന്ന് പറയുന്നവരോട് രജ്ഞിത്ത് ആന്റണിക്ക് പറയാനുള്ളത്
അതേസമയം കണ്ണൂരിലേക്ക് പോകാന്‍ തനിക്ക് ഭയമില്ലെന്നും മരണത്തെ ഭയമില്ലാത്തവന് കണ്ണൂരിലേക്ക് പോകുന്നതില്‍ എന്താണ് ഭയമെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.
രാവിലെ ഒമ്പതരയോടെയാണ് സുരേന്ദ്രനെ കണ്ണൂരിലേക്ക് കൊണ്ടുപോയത്. ഇന്നു രാത്രി കോഴിക്കോട് ജയിലില്‍ പാര്‍പ്പിച്ച ശേഷം തിങ്കളാഴ്ച കണ്ണൂരിലെത്തിച്ച് മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കുമെന്നാണ് സൂചന.
വീരബലിദാനികളുടെ നാട്ടിലേക്കാണ് താന്‍ പോകുന്നത്. പങ്കെടുക്കാത്ത പരിപാടികളുടെ പേരില്‍ പോലും കേസെടുത്തിരിക്കുകയാണ്. ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് തനിക്കെതിരെ നടക്കുന്നത്. മനഃപൂര്‍വം പോലീസ് കള്ളക്കേസുകള്‍ ചുമത്തുകയാണ്. പല കേസുകളിലും സമന്‍സുകള്‍ ലഭിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ശബരിമലയില്‍ ആട്ടവിശേഷത്തിനെത്തിയ അമ്പത്തിരണ്ടുകാരിയെ ആക്രമിച്ച കേസില്‍ റാന്നി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി സുരേന്ദ്രന് ശനിയാഴ്ച ജാമ്യം നിഷേധിച്ചിരുന്നു.