| Thursday, 23rd September 2021, 12:01 pm

സുരേഷ് ഗോപിയെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാക്കാന്‍ നീക്കം നടക്കുന്നുണ്ടോ; പ്രതികരണവുമായി സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സുരേഷ് ഗോപിയെ സംസ്ഥാനത്തിന്റെ ബി.ജെ.പി അധ്യക്ഷനാക്കാന്‍ കേന്ദ്രനേതൃത്വം നീക്കം നടത്തുന്നു എന്ന രീതിയിലുള്ള വാര്‍ത്തകളില്‍ പ്രതികരണവുമായി കെ. സുരേന്ദ്രന്‍.

സുരേഷ് ഗോപി അധ്യക്ഷസ്ഥാനത്തേക്ക് വരുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും താന്‍ അധ്യക്ഷപദം ഏറ്റെടുത്തകാലം മുതല്‍ മാധ്യമങ്ങള്‍ തന്നെ മാറ്റാന്‍ തുടങ്ങിയതാണെന്നു സുരേന്ദ്രന്‍ പറഞ്ഞു.

ടി.ജെ ജോസഫുമായി കൂടിക്കാഴ്ച നടത്താന്‍ സുരേഷ് ഗോപിയെ ചുമതലപ്പെടുത്തിയതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.

പാലാ ബിഷപ്പിന്റെ പ്രസ്താവന ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യണമെന്ന അഭിപ്രായമാണ് ബി.ജെ.പിക്കുള്ളെതന്നും സുരേന്ദ്രന്‍ പറഞ്ഞു. ബിഷപ്പിനെ തള്ളിപ്പറയുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈഴവ ജിഹാദ് എന്ന സംഭവം കേരളത്തിലില്ല. മുസ്‌ലിം ജിഹാദ് പാലാ ബിഷപ്പുണ്ടാക്കിയതല്ല, ലോകം മുഴുവനുമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രേനെ ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. ഏഴ് ദിവസത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഹാജരാക്കാന്‍ സുരേന്ദ്രനോട് ക്രൈം ബ്രാഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.

നഷ്ടപ്പെട്ടുവെന്ന് സുരേന്ദ്രന്‍ മൊഴി നല്‍കിയ ഫോണ്‍ ഇപ്പോഴും ഉപയോഗിക്കുന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സുരേന്ദ്രന്റെ മൊഴികളില്‍ പലതും പച്ചക്കള്ളമാണെന്നും ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 16ന് ക്രൈംബ്രാഞ്ച് സുരേന്ദ്രനെ ചോദ്യം ചെയ്തിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും കെ. സുന്ദരയെ അറിയില്ലെന്നും പരാതിയില്‍ പറയുന്ന ദിവസം കാസര്‍ഗോഡ് തന്നെ ഇല്ലായിരുന്നു എന്നുമാണ് സുരേന്ദ്രന്‍ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നത്.

എന്നാല്‍ പരാതിയില്‍ പറയുന്ന കാസര്‍ഗോഡുള്ള ഹോട്ടലില്‍ താമസിച്ചിട്ടില്ലെന്ന സുരേന്ദ്രന്റെ മൊഴി തെറ്റാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതുള്‍പ്പെടെയുള്ളയുള്ള വിഷയങ്ങളില്‍ വ്യക്ത വരുത്താണ് ക്രൈംബ്രാഞ്ച് വീണ്ടും സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: K Surendran Suresh Gopi State BJP Learship

We use cookies to give you the best possible experience. Learn more