കാസര്‍കോട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ച കര്‍ണാടക സര്‍ക്കാരിന്റെ നടപടിയെ ന്യായീകരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
എല്ലാ സംസ്ഥാനങ്ങള്‍ക്കും അവരുടെ സുരക്ഷ നോക്കേണ്ടിവരുമെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് സുരേന്ദ്രന്റെ മറുപടി. കേരള-കര്‍ണാടക അതിര്‍ത്തി ഏകപക്ഷീയമായി അടച്ച നടപടിക്കെതിരെ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തില്‍ കൂടിയായിരുന്നു കര്‍ണാടക സര്‍ക്കാരിനെ ന്യായീകരിച്ച് സുരേന്ദ്രന്‍ എത്തിയത്.
സംസ്ഥാന പാതയടക്കമുള്ള അതിര്‍ത്തി റോഡുകളാണ് കര്‍ണാടക അടച്ചത്. ദേശീയ പാതയിലെ തലപ്പാടി ഉള്‍പ്പെടെയുള്ള നാല് ഇടങ്ങളില്‍ അതിര്‍ത്തി കടക്കുന്നവര്‍ക്ക് ആര്‍.ടി-പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയംകേന്ദ്രത്തിന്റെ അണ്‍ലോക്ക് ചട്ടങ്ങളുടെ ലംഘനമാണ് കര്‍ണാടക നടത്തുന്നതെന്ന് ആരോപണം ഉയരുന്നുണ്ട്.
ബസ് യാത്രക്കാര്‍ക്കും 72മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ പ്രവേശനമുള്ളു. അതേസമയം, രോഗികളുമായി എത്തുന്ന ആംബുലന്‍സുകള്‍ കടത്തിവിടുന്നുണ്ട്.
വയനാട് ബാവലി ചെക്ക് പോസ്റ്റിലും കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ തടയുന്നുണ്ട്. ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ കര്‍ണാട ഉദ്യോഗസ്ഥര്‍ തടഞ്ഞതോടെ ചെക്ക് പോസ്റ്റിന് സമീപം വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
ഇത് വാക്കുതര്‍ക്കത്തിന് ഇടയാക്കി. തുടര്‍ന്ന് പ്രാദേശിക രാഷ്ട്രീയ നേതാക്കളും പൊലീസും ചേര്‍ന്നു നടത്തിയ ചര്‍ച്ചയില്‍ കര്‍ശന ഉപാധികളോടെ വാഹനങ്ങള്‍ കടത്തിവിട്ടു. ഇനി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ല എന്നാണ് കര്‍ണാടക ഉദ്യോഗസ്ഥരുടെ നിലപാട്.
ബുധനാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്ന് കര്‍ണാടക നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദക്ഷിണ കന്നടയോട് ചേര്‍ന്നുള്ള അതിര്‍ത്തികളിലെ 17 പാതകളിലും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. ഇതില്‍ 13 ഇടത്തും പാത അടച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക