| Wednesday, 12th July 2023, 7:12 pm

ഇ. ശ്രീധരന്റെ ബദല്‍ ഹൈസ്പീഡ് റെയില്‍വേ സംവിധാനമാണ് വേണ്ടത്; കേരളത്തിലെ വികസനത്തിനാണ് പ്രാധാന്യം: കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: കേരളത്തിന് നഷ്ടമുണ്ടാക്കുന്ന ഒരു പദ്ധതിക്കായി വാശിപിടിക്കുന്നതിന് പകരം ഇ. ശ്രീധരന്‍ പറഞ്ഞത് പോലുള്ള ഒരു ബദല്‍ ഹൈസ്പീഡ് റെയില്‍വേ സംവിധാനമാണ് വേണ്ടതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. കേരളത്തിലെ വികസനമാണ് പരമ പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

‘അദ്ദേഹത്തിന്റെ ഒരു സ്വപ്‌ന പദ്ധതിയാണ്, തീര്‍ച്ചയായും അത് കേരളത്തിന് ഗുണം ചെയ്യുന്ന പദ്ധതിയാണ് എന്നാണ് എനിക്ക് മനസിലാക്കാന്‍ സാധിച്ചത്. കേരളത്തിലെ വികസനമാണ് പരമ പ്രധാനമായ കാര്യം. കേരളത്തിലെ അതിവേഗ റെയില്‍വേ വികസനത്തിന്, അതിവേഗത്തില്‍ യാത്ര ചെയ്യാനുള്ള അവസരത്തിന് ഇതൊരു പുതിയ തുടക്കമാകും.

ഇത് യാഥാര്‍ത്ഥ്യമായാല്‍ സംസ്ഥാന സര്‍ക്കാരും റെയില്‍വേയും മറ്റ് അധികാരികളുമെല്ലാം ശരിയായ നിലയില്‍ ഇതിന് വേണ്ടിയാണ് പരിശ്രമിക്കേണ്ടത്. അല്ലാതെ നടപ്പാക്കാന്‍ സാധിക്കാത്ത കേരളത്തിന് നഷ്ടമുണ്ടാക്കുന്ന ഒരു പദ്ധതിക്കായി വാശിപിടിക്കുന്നതിന് പകരം മെട്രോ മാന്‍ പറഞ്ഞത് പോലുള്ള ഒരു ബദല്‍ ഹൈസ്പീഡ് റെയില്‍വേ സംവിധാനമാണ് വേണ്ടത് എന്നുള്ളതാണ് അദ്ദേഹത്തില്‍ നിന്നും എനിക്ക് മനസിലായത്,’ കെ. സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തില്‍ എന്ത് വികസനം വരികയാണെങ്കിലും അതിനൊപ്പം താന്‍ ഉണ്ടാകുമെന്ന് ഇ. ശ്രീധരനും പറഞ്ഞു.

‘കേരളത്തില്‍ എന്ത് വികസനം വരികയാണെങ്കിലും അതിനൊപ്പം ഞാന്‍ ഉണ്ടാകും. കേരളത്തിന് ഉപകരിക്കുന്ന വികസനത്തില്‍ എന്ത് സഹായം ചെയ്യാനും ഞാന്‍ തയ്യാറാണ്. 2016 ല്‍ നല്‍കിയ റിപ്പോര്‍ട്ട് അല്ല ഇപ്പോള്‍ സമര്‍പ്പിച്ചിട്ടുള്ളത്, അദ്ദേഹം പറഞ്ഞു.

Content Highlight: K surendran support k rail

We use cookies to give you the best possible experience. Learn more