| Thursday, 4th April 2019, 9:58 am

തെരഞ്ഞെടുപ്പ് പത്രിക നല്‍കാന്‍ സുരേന്ദ്രന്‍ കൂടെക്കൂട്ടിയത് ക്ഷേത്രത്തില്‍ നിന്നും ചെമ്പുപാളി മോഷ്ടിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതിയെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അടൂര്‍: പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് പത്രിക നല്‍കാന്‍ കൂടെകൂട്ടിയത് ക്ഷേത്രത്തില ചെമ്പ് പാളി മോഷ്ടിച്ച കേസിലെ പ്രതിയെ.

ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി അംഗവും ക്ഷേത്രഭരണ സമിതി മുന്‍ പ്രസിഡന്റുമായ പെരിങ്ങനാട് പോത്തടി തട്ടാനപ്പള്ളില്‍ അജിത് കുമാറാണ് സുരേന്ദ്രനൊപ്പം കളക്ടര്‍ മുമ്പാകെ പത്രിക നല്‍കാനായി എത്തിയത്.

തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തില്‍ നിന്നും ചെമ്പ് പാളി അടര്‍ത്തി മാറ്റി വിറ്റ് ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അടൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ വിചാരണ നേരിടുന്നയാളാണ് അജിത്.

തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തിലെ നാലമ്പലത്തില്‍ ചെമ്പുപാകാന്‍ വാങ്ങിയ 3,126 കിലോ ചെമ്പുപാളി ഇയാള്‍ മോഷ്ടിച്ചു വിറ്റതായിട്ടായിരുന്നു കേസ്. അടൂര്‍ പൊലീസാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അടൂര്‍ സി.ഐയായിരുന്ന മനോജാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.


തൃശൂരില്‍ പെണ്‍കുട്ടിയെ പ്രെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി; പ്രതി പിടിയില്‍


അജിത് കുമാര്‍ പ്രസിഡന്റായിരിക്കെ ക്ഷേത്രത്തില്‍ നമസ്‌കാര മണ്ഡപം പുതുക്കി പണിയുന്നതിനായി ലക്കടിയില്‍ നിന്നും തടി വാങ്ങിയെന്ന കണക്ക് കാണിച്ച് 27 ലക്ഷം രൂപ തട്ടിയെടുത്തതായ മറ്റൊരു കേസും ഇയാള്‍ക്കെതിരെ ഉണ്ടായിരുന്നു.

പുതുതായി ചുമതലയേറ്റ ഭരണസമിതി പത്തനംതിട്ട ജില്ലാ കോടതിയില്‍ ഇതില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഈ കേസില്‍ അജിത് കുമാറിന്റെ വസ്തുക്കളെല്ലാം കോടതി കണ്ടുകെട്ടുകയും ചെയ്തിരുന്നു.

കേസിനെ തുടര്‍ന്ന് ക്ഷേത്ര ട്രസ്റ്റ് പൊതുയോഗം നടത്തി പത്തുവര്‍ഷത്തേക്ക് അജിത് കുമാറിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

മണ്ഡപത്തിനാവശ്യമായ 410.6 ക്യൂബിക് അടി തേക്കുതടി ഒറ്റപ്പാലം ലക്കിടി അലിഫ് ടിംബര്‍ മാര്‍ട്ടില്‍ നിന്നാണ് വാങ്ങിയത്. തടി വാങ്ങിയ ഇനത്തില്‍ 12.30 ലക്ഷം രൂപയാണ് നല്‍കിയത്. എന്നാല്‍ ക്ഷേത്രഫണ്ടില്‍ നിന്ന് തടിവാങ്ങിയ ഇനത്തില്‍ 27 ലക്ഷം രൂപയാണ് എടുത്തത്. പണം നല്‍കിയ രസീത് കണ്ടെത്തിയതോടെയായിരുന്നു അന്ന് തട്ടിപ്പ് പുറത്തായത്.

We use cookies to give you the best possible experience. Learn more