കോഴിക്കോട്: നോട്ടു നിരോധനത്തിലൂടെ കള്ളപ്പണം തിരിച്ചെത്തിയില്ലെന്ന ആരോപണം ആസൂത്രിതമാണെന്ന് ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍. മനോരമ ന്യൂസിനോടായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. “തിരിച്ചെത്തിയ നോട്ടുകളെല്ലാം വൈറ്റ് മണിയാണെന്ന് ആരാണ് പറഞ്ഞത്. തിരിച്ചെത്തിയ നോട്ടുകളില്‍ നല്ലൊരു ശതമാനം കള്ളപ്പണമാണ്.
കേന്ദ്ര സര്‍ക്കാര്‍ തന്നെ നിങ്ങള്‍ നോട്ടുകള്‍ കടലിലെറിയുകയോ കത്തിക്കുകയോ വേണ്ട എന്ന് പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ക്ക് എല്ലാ നോട്ടുകളും ബാങ്കില്‍ തന്നെ തിരിച്ചടക്കാം. അത് കണക്കില്‍പ്പെടാത്തതാണെങ്കില്‍ പെനാല്‍റ്റി അടക്കണം. അങ്ങനെ അടപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ജന്‍കല്യാണ്‍ യോജന എന്ന ഒരു പദ്ധതി 2016 ഡിസംബര്‍ മാസത്തില്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുണ്ട്.
അതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞകാലത്തെ ആദായ നികുതി വകുപ്പിലെ ആദായ നികുതി റിട്ടേണ്‍സില്‍ നിന്നും വ്യത്യാസമുള്ള വരവില്‍പ്പെടാത്ത, കണക്കില്‍പ്പെടാത്ത പണമാണെങ്കില്‍ അതിന്റെ പകുതിയോളം സര്‍ക്കാരിലേയ്ക്ക് പോകും. ബാക്കിയുള്ള 50 ശതമാനത്തില്‍ 25 ശതമാനം പ്രധാനമന്ത്രി ജന്‍കല്യാണ്‍ യോജനയില്‍ പലിശയില്ലാതെ അടക്കണം. അങ്ങനെ ഒരു സ്‌കീം സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്.
കടകംപള്ളി സുരേന്ദ്രനെ പോലുള്ള ആളുകള്‍ക്ക് നോട്ടു നിരോധനത്തിന്റെ ഏനക്കേട് ഇതുവരെ തീര്‍ന്നിട്ടില്ല. അതുകൊണ്ടാണ് ഈ പ്രചരണം അവര്‍ നടത്തുന്നത്. മാത്രമല്ല സഹകരണ ബാങ്കുകളില്‍ ഇനി കള്ളപ്പണം നിക്ഷേപിക്കാന്‍ കഴിയില്ലാ എന്നുള്ള വേവലാതിയാണ്. നോട്ടു നിരോധനം പരാജയമായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത് കള്ളപ്പണക്കാരെ സഹായിക്കുന്നവരാണ്.
കാരണം ഇന്ത്യാ രാജ്യത്ത് ജനങ്ങളുടെ കയ്യിലുണ്ടായിരുന്ന കണക്കില്‍പ്പെടാത്ത പണം മുഴുവന്‍ അക്കൗണ്ടിലായി എന്നുള്ളതാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. 2016 നവംബര്‍ എട്ടിനു മുമ്പ് പത്ത് ലക്ഷത്തില്‍ കൂടുതല്‍ വാര്‍ഷിക വരുമാനം കാണിക്കുന്ന ആകെ ഇന്ത്യക്കാരുടെ കണക്ക് വെറും 25 ലക്ഷമായിരുന്നു.
എന്നാല്‍ അതിനു ശേഷമുള്ള കണക്ക് പരിശോധിക്കട്ടെ. അതിനു ശേഷമുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത് ടാക്‌സിന്റെ നെറ്റിലേയ്ക്ക് ലക്ഷക്കണക്കിന് ആള്‍ക്കാര്‍ വന്നു എന്നുള്ളതാണ്. അതിന്റെ വിശദമായ വിവരങ്ങള്‍ ധനകാര്യ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. ഇന്നിപ്പോള്‍ ആര്‍ക്കും 2 ലക്ഷം രൂപയില്‍ കൂടുതലുള്ള പണം കറന്‍സിയായി കൈവശം വെക്കാനോ കൈമാറ്റം ചെയ്യാനോ കഴിയുന്നില്ല.
എല്ലാരും പണം ബാങ്കിലടക്കണം. ഇത് ആദ്യമായിട്ടല്ലേ ഇന്ത്യയില്‍ സംഭവിക്കുന്നത്. മൂന്ന് ലക്ഷം കോടി രൂപയുടെ അടുത്ത് കള്ളപ്പണം സര്‍ക്കാരിന് കണ്ടെത്താന്‍ കഴിഞ്ഞു എന്നുള്ളത് തന്നെയാണ് നോട്ടുനിരോധനത്തിന്റെ ഏറ്റവും വലിയ സവിശേഷത.
പിന്നെ ആളുകള്‍ സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നത്, കായുള്ള മാവിനെ ആളുകള്‍ എറിയുകയൊള്ളൂ. അവര്‍ എറിയുന്നതിനു പിന്നില്‍ ഞങ്ങള്‍ മുന്നോട്ടു വെക്കുന്ന നിലപാടുകളെ അവര്‍ക്ക് രാഷ്ട്രീയമായി എതിരിടാന്‍ കഴിയാത്തതുകൊണ്ടാണ്. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയില്‍ സുതാര്യത കൊണ്ടുവരാന്‍ നോട്ടുനിരോധനത്തിനു സാധിച്ചുവെന്നും” സുരേന്ദ്രന്‍ പറഞ്ഞു.