കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് തീപിടുത്തത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ബ്രഹ്‌മപുരത്തെ തീ അണഞ്ഞെങ്കിലും ഇതിലെ യഥാര്‍ത്ഥ തീ ആളിക്കത്താന്‍ പോകുന്നേയുള്ളൂവെന്നും മഴ കൂടി പെയ്തതോടെ ജനങ്ങള്‍ പകര്‍ച്ച വ്യാധി ഭീതിയിലാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. പിണറായി വിജയനും അദ്ദേഹത്തിന്റെ മാഫിയ സംഘത്തിനും ഈ പാപക്കറയില്‍ നിന്ന് കൈകഴുകാനാകില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
എറണാകുളത്ത് നടക്കുന്ന ബഹുജന മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ബ്രഹ്‌മപുരത്തെ തീ അണഞ്ഞെങ്കിലും ഇതിലെ യഥാര്‍ത്ഥ തീ ആളിക്കത്താന്‍ പോകുന്നേയുള്ളൂ എന്നതാണ് നമുക്ക് മുമ്പിലുള്ള അനുഭവം. രണ്ട് ദിവസമായി മഴ കൂടി പെയ്തതോടെ ജനങ്ങള്‍ പകര്‍ച്ച വ്യാധിയുടെ ഭീതിയിലാണ്.
മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ മാഫിയ സംഘത്തിനും ഈ പാപക്കറയില്‍ നിന്ന് കൈകഴുകാനാകില്ല. കൊച്ചിയെ ബുദ്ധിമുട്ടിലാക്കിയ ഈ ദുരന്തത്തില്‍ ഒന്നാം പ്രതി പിണറായി വിജയനാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നമ്മുടെ നാട്ടിലെ വെള്ളവും മണ്ണും വായുവും വരെ സ്വന്തം കീശ വീര്‍പ്പിക്കാനുള്ള ഉപാധിയാക്കി മാറ്റുകയാണിവര്‍.
കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തി ഇവിടെ മാലിന്യങ്ങള്‍ കൊണ്ടുതള്ളുന്നത് സി.പി.ഐ.എമ്മുകാരാണ്. ഈ അഴിമതി കരാര്‍ ബ്രഹ്‌മപുരത്തിന്റേത് മാത്രമല്ല. കേരളം മുഴുവന്‍ വ്യാപിച്ച് കിടക്കുകയാണ്. കോഴിക്കോട് ഞെളിയന്‍ പറമ്പ് അടുത്ത ബ്രഹ്‌മപുരമാകുമോ എന്ന ഭീതിയിലാണ്. കണ്ണൂരും തൃശൂരുമെല്ലാം ഇതേ അവസ്ഥയാണ്.
കോണ്‍ഗ്രസിന് മാലാഖ ചമയാനോ ചാരിത്ര്യപ്രസംഗം നടത്താനുള്ള അവകാശമോ ഇല്ല. അവരും ഈ അഴിമതിയുടെ പങ്കുപറ്റിയവരാണ്. അവരുടെ കൈകളിലും ഈ പാപക്കറയുമുണ്ട്.
ബി.ജെ.പിക്ക് മാത്രമേ ഈ നാട്ടില്‍ ഇത്തരം അഴിമതികള്‍ക്കെതിരെ ധാര്‍മ്മികമായ നിലപാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ശക്തമായ പോരാട്ടം നടത്താന്‍ ജനങ്ങള്‍ക്കിടയില്‍ നട്ടെല്ല് നിവര്‍ത്തിയിറങ്ങാന്‍ സാധിക്കൂ. എല്ലാ സഹായവും നല്‍കാന്‍ കേന്ദ്രം തയ്യാറാണ്. പക്ഷേ ഒരു മറുപടിയുംം കേരളത്തില്‍ നിന്നുണ്ടായിട്ടില്ല.
കൊച്ചിയിലെ മനുഷ്യര്‍ ഗിനിപന്നികളല്ല. പരീക്ഷണ വസ്തുക്കളല്ല. അവര്‍ കുടിക്കുന്ന വെള്ളത്തിനും ശ്വസിക്കുന്ന ശ്വാസത്തിനും അവര്‍ക്ക് അവകാശമുണ്ട്. പല സാഹിത്യകാരന്മാരും മുന്നണിയെ പിന്തുണച്ച് എത്തിയിരുന്നു പക്ഷേ ഇന്നവര്‍ക്ക് സത്യം മനസിലായി. മോദിയെ രണ്ട് പ്രസ്താവനയിറക്കാന്‍ പോലും അവര്‍ക്കിന്ന് ശ്വസിക്കാന്‍ പറ്റാതായതോടെ അവര്‍ സ്ഥലം വിട്ടു. എല്ലാവരും ഒറ്റ സ്വരത്തില്‍ മോദിയുടെ വികസന മാതൃകയാണ് കൊച്ചിക്ക് വേണ്ടതെന്ന്,’ കെ. സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം നിലവില്‍ ബ്രഹ്‌മപുരത്തെ ആശങ്കയൊഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. മഴ പെയ്തതോടെ തീയും പുകയും ഉയരുന്നില്ലെന്നും ഈ സാഹചര്യം തുടരുകയാണെങ്കില്‍ നിലവിലെ പട്രോളിങ് സംവിധാനങ്ങള്‍ നിര്‍ത്തുമെന്നും അധികൃതര്‍ അറിയിച്ചു.
Content Highlight: K Surendran slams Pinarayi vijayan says people in Kochi are not guinea pigs