കുഴല്‍പ്പണക്കേസില്‍ പ്രതിയാക്കപ്പെട്ടയാള്‍ കോണ്‍ഗ്രസിനെ രാജ്യസ്‌നേഹം പഠിപ്പിക്കേണ്ട; കെ.സുരേന്ദ്രനെതിരെ ഷാഫി പറമ്പില്‍
Kerala News
കുഴല്‍പ്പണക്കേസില്‍ പ്രതിയാക്കപ്പെട്ടയാള്‍ കോണ്‍ഗ്രസിനെ രാജ്യസ്‌നേഹം പഠിപ്പിക്കേണ്ട; കെ.സുരേന്ദ്രനെതിരെ ഷാഫി പറമ്പില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th November 2023, 1:00 pm

പാലക്കാട്: കുഴല്‍പ്പണക്കേസില്‍ പ്രതിയാക്കപ്പെട്ട കേ.സുരേന്ദ്രനില്‍ നിന്ന് രാജ്യസ്‌നേഹം പഠിക്കേണ്ട ഗതികേട് തനിക്കോ യൂത്ത് കോണ്‍ഗ്രസിനോ ഇല്ലെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍എ. യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പിന് വേണ്ടി വ്യാജ ഐ.ഡി. കാര്‍ഡുകള്‍ നിര്‍മിച്ചെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷാഫി പറമ്പില്‍.

കെ.സുരേന്ദ്രന്റേത് വാര്‍ത്തയില്‍ ഇടംപിടിക്കാനുള്ള അല്‍പ്പത്തരമാണെന്നും രാഷ്ട്രീയ ജീവനുണ്ടെന്ന് കാണിക്കാനുള്ള ശ്രമമാണെന്നും ഷാഫി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ണമായും സുതാര്യമായാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് ആകെ പോള്‍ ചെയ്ത വോട്ടിന്റെ ഒരു ശതമാനം രേഖപ്പെടുത്താതെ പോയതെന്നും ഷാഫി പറഞ്ഞു.

‘നാട്ടില്‍ കുഴല്‍പ്പണക്കേസില്‍ പ്രതിയാക്കപ്പെട്ട ആള്‍ എന്നെയോ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയോ രാജ്യസ്‌നേഹം പഠിപ്പിക്കേണ്ട. ബി.ജെ.പിക്കാരില്‍ നിന്ന് രാജ്യസ്‌നേഹം പഠിക്കേണ്ട ഗതികേട് എനിക്കോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കോ ഇല്ല. കുഴല്‍പ്പണക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടയാളാണ് അദ്ദേഹം. അടുത്ത് തന്നെ അറസ്റ്റുണ്ടാകുമെന്നും കേട്ടിരുന്നു. പിന്നീട് ആ കേസിന് എന്താണ് സംഭവിച്ചത് എന്ന് പറയേണ്ടത് ഇടത് സര്‍ക്കാറാണ്.

തെരഞ്ഞെടുപ്പ് കാലത്ത് പണം നല്‍കി സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിച്ചതിന് കേസ് നേരിടുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. ഇങ്ങനെയുള്ള കെ.സുരേന്ദ്രന്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് ഞങ്ങളുടെ തെരഞ്ഞെടുപ്പ് പ്രൊസസിന്റെ വിശ്വാസ്യതയെ അളക്കേണ്ട. വാര്‍ത്തയില്‍ ഇടംപിടിക്കാനുള്ള അല്‍പ്പത്തരവും രാഷ്ട്രീയ ജീവനുണ്ടെന്ന് കാണിക്കാനുള്ള ശ്രമവുമാണ്. പൂര്‍ണമായും സുതാര്യമായാണ് തെരഞ്ഞെടുപ്പ് നടന്നത്,’ കെ.സുരേന്ദ്രന്‍ പറഞ്ഞു.

content highlights; K. Surendran should not teach Congress about patriotism; Shafi Parampil