| Wednesday, 13th March 2024, 12:03 pm

ഉത്തരേന്ത്യയിലെ ചിത്രം കാണിച്ച് തൃശൂരിൽ പ്രചാരണം കൊഴുക്കുന്നു എന്ന് സുരേന്ദ്രൻ; പിന്നാലെ പോസ്റ്റ്‌ മുക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂർ: തൃശൂരിൽ സുരേഷ് ഗോപിയുടെ പ്രചാരണം കൊഴുക്കുന്നു എന്ന് അവകാശപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തത് ഉത്തരേന്ത്യയിൽ നിന്നുള്ള ചിത്രം. അബദ്ധം തിരിച്ചറിഞ്ഞതിന് പിന്നാലെ ചിത്രം ഡിലീറ്റ് ചെയ്തു.

എന്നാൽ അതിന് മുമ്പ് തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ ചിത്രം വൈറലായി മാറിയിരുന്നു.

‘കൊച്ചുകുട്ടികൾ മുതൽ മുത്തശ്ശിമാർ വരെ ആവേശത്തോടെ. തൃശൂരിൽ ശ്രീ. സുരേഷ് ഗോപിയുടെ പ്രചാരണം കൊഴുക്കുന്നു’ എന്ന കുറിപ്പോടെ പങ്കുവെച്ച ചിത്രത്തിൽ ബി.ജെ.പി പതാക കൈയിൽ പിടിച്ച പ്രായമായ സ്ത്രീയും ഒരു ബാലികയുമാണ് ഉള്ളത്.

ചിത്രം ഒറ്റനോട്ടത്തിൽ തന്നെ ഉത്തരേന്ത്യയിൽ നിന്നുള്ളതാണെന്ന് വ്യക്തമാണ്.

ചിത്രം ഡിലീറ്റ് ചെയ്തെങ്കിലും ഉള്ളടക്കം ലഭ്യമല്ല എന്നെഴുതിക്കാണിച്ച് പോസ്റ്റ്‌ ഇപ്പോഴും സുരേന്ദ്രന്റെ ഫേസ്ബുക്ക് പേജിലുണ്ട്.

‘ഒറിജിനൽ പോലെയുണ്ട്, ഈ പോസ്റ്റ്‌ കണ്ടാൽ മലയാളികൾ മുഴുവൻ താമരക്ക് കുത്തും, 20/20 സീറ്റും ബി.ജെ.പിക്ക് തന്നെ കിട്ടും,’ മലയാളീസ് ഒൺലി എന്ന പേജ് പരിഹസിച്ചുകൊണ്ട് കമന്റ് ചെയ്തു.

നേരത്തെ സുരേന്ദ്രന്റെ നേതൃത്വത്തിൽ നടന്ന പദയാത്രയിൽ കേന്ദ്ര സർക്കാർ അഴിമതിക്ക് പേരുകേട്ടവരാണെന്ന ഗാനം പ്ലേ ചെയ്തത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.

സംസ്ഥാന ഐ.ടി സെൽ കൺവീനർ എസ്. ജയശങ്കറും സുരേന്ദ്രനും തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ഗാനത്തിലെ പിഴവ് ഐ.ടി സെൽ മനപൂർവം വരുത്തിയതാണെന്നായിരിന്നു സംസ്ഥാന നേതൃത്വം ആരോപിച്ചത്.

Content Highlight: K Surendran shared photo from North India claiming visual from Trissur campaign

We use cookies to give you the best possible experience. Learn more