തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെ കുഴല്‍പ്പണ-കള്ളപ്പണ ആരോപണങ്ങളില്‍ അടിപതറി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അധ്യക്ഷ സ്ഥാനത്ത് നിന്ന് സുരേന്ദ്രനെ പടിയിറക്കാന്‍ കരുക്കള്‍ നീക്കുകയാണ് മറുപക്ഷം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടുമെന്ന് കേന്ദ്രനേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ച് സംസ്ഥാന നേതൃത്വം പണം വാങ്ങിയെന്ന് നേരത്തെ തന്നെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
കൊടകര കുഴല്‍പ്പണക്കേസില്‍ കെ. സുരേന്ദ്രന്റെ മൊഴിയെടുക്കുമെന്നും അന്വേഷണസംഘം അറിയിച്ചിട്ടുണ്ട്.
നിയമസഭാ തെരഞ്ഞടുപ്പില്‍ ബി.ജെ.പിയുടെ ഏക സീറ്റ് നഷ്ടമായിരുന്നു. മാത്രമല്ല കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ നാലരലക്ഷത്തിലേറെ വോട്ടുനഷ്ടമാവുകയും ചെയ്തു.
ഇതിനിടെയാണ് കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി നേതാക്കളെ ചോദ്യം ചെയ്തത്. സംസ്ഥാന നേതൃത്വത്തിലെ സുരേന്ദ്രനുമായി അടുപ്പമുള്ളവരേയാണ് കേസില്‍ ചോദ്യം ചെയ്തതിലേറേയും.
അതിന് പിന്നാലെയാണ് സി. കെ. ജാനുവിന് പത്തുലക്ഷം രൂപ നല്‍കിയെന്ന വെളിപ്പെടുത്തല്‍. ഇതോടെ തീര്‍ത്തും പ്രതിരോധത്തിലായിരിക്കുകയാണ് സുരേന്ദ്രന്‍.
പാര്‍ട്ടിയ്ക്കുള്ളില്‍ ഒറ്റപ്പെട്ട നിലയിലാണ് സുരേന്ദ്രന്‍. മുതിര്‍ന്ന നേതാക്കളായ ശോഭാ സുരേന്ദ്രന്‍, പി.കെ കൃഷ്ണദാസ്, പി.പി മുകുന്ദന്‍ എന്നിവര്‍ സുരേന്ദ്രനെ പ്രതിരോധിക്കാന്‍ രംഗത്തെത്തിയിട്ടുമില്ല.
മുതിര്‍ന്ന നേതാക്കളെ പൂര്‍ണമായും അവഗണിച്ച് പാര്‍ട്ടി സ്ഥാനങ്ങള്‍ മുതല്‍ സ്ഥാനാര്‍ത്ഥിത്വവും തെരഞ്ഞെടുപ്പ് ഫണ്ടും വരെ സ്വന്തം ഗ്രൂപ്പുകാര്‍ക്ക് വീതം വച്ച് നല്‍കിയ ആള്‍ക്കാണ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ക്കും ഉത്തരവാദിത്തം എന്നാണ് മറുപക്ഷത്തിന്റെ നിലപാട്.
മാത്രമല്ല ആര്‍.എസ്.എസിലെ ഒരു വിഭാഗവും സുരേന്ദ്രന്റെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.