തിരുവനന്തപുരം: ഗവര്‍ണര്‍- സര്‍ക്കാര്‍ പോരില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. പാര്‍ട്ടി പോഷകസംഘടനകളെ പോലെയാണ് കേരളത്തില്‍ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.
‘ഈദി അമീന്റേയും ഹിറ്റ്‌ലറുടെയും രാജ്യമല്ല, ഇത് ജനാധിപത്യ രാജ്യമാണ്… ഇവിടെ ജനാധിപത്യമേ നടക്കൂ’ സുരേന്ദ്രന്‍ പ്രതികരിച്ചു.
സര്‍വകലാശാലകളില്‍ യോഗ്യതയില്ലാത്തവരെ തിരുകി കയറ്റുകയാണ് സംസ്ഥാന സര്‍ക്കാര്‍. രാജ്യത്ത് ഒരു ഭരണഘടനയുണ്ടെന്ന് പിണറായി വിജയന്‍ മനസിലാക്കണം. തെറ്റായ രീതിയില്‍ സംസ്ഥാനം ചെയ്യുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ് ഗവര്‍ണര്‍ ചെയ്യുന്നത്. സര്‍വകലാശാലകളെ പാര്‍ട്ടി ഓഫീസാക്കാനുള്ള നീക്കത്തെ ചോദ്യം ചെയ്ത ഗവര്‍ണറെ ഓടിക്കാന്‍ ശ്രമിച്ചാല്‍ അത് ഇവിടെ നടപ്പില്ല.
പിണറായി രാജ് കേരളത്തില്‍ നടക്കില്ല. കാരണം കേരളം ഇന്ത്യയിലാണ്. രാജാവാണെന്നാണ് പിണറായിയുടെ വിചാരം. അദ്ദേഹത്തിന്റെ കല്‍പ്പന സി.പി.ഐ.എം കമ്മിറ്റിയില്‍ മാത്രം മതിയെന്നും, ഭീഷണിയൊന്നും ഇവിടെ വിലപ്പോവില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേരളത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കുന്നത് നരേന്ദ്ര മോദി സര്‍ക്കാരാണെന്നും, കൊവിഡ് കാലത്ത് പട്ടിണിയില്‍ നിന്നും സംസ്ഥാനത്തെ രക്ഷിച്ചത് കേന്ദ്ര സര്‍ക്കാരാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സഹകരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുക എന്ന ആവശ്യം ഉന്നയിച്ച് ബി.ജെ.പി നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വെന്റിലേറ്ററിലായ പിണറായി വിജയന്‍ സര്‍ക്കാരിനെ ഓക്‌സിജന്‍ കൊടുത്ത് രക്ഷിക്കുന്നത് നരേന്ദ്ര മോദി സര്‍ക്കാരാണ്. കേന്ദ്രം വായ്പാ പരിധി വര്‍ധിപ്പിച്ചതുകൊണ്ട് മാത്രമാണ് കേരളത്തില്‍ ശമ്പളം കൊടുക്കാനാവുന്നത്. കേരളം ഇന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കിഫ്ബിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നത്. വായ്പയെടുത്ത പണമെടുത്ത് ധൂര്‍ത്തടിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.