|

അഗ്നിപഥിനെതിരായവര്‍ ഇടത്-ജിഹാദി-അര്‍ബന്‍ നക്‌സല്‍ ഗ്യാങ്, ഇവര്‍ ബ്രേക്ക് ഇന്ത്യാ ബ്രിഗേഡ് ടീം: കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ഇടത്-ജിഹാദി-അര്‍ബന്‍ നക്‌സല്‍ ഗ്യാങിന്റെ നേതൃത്വത്തിലാണ് അഗ്നിപഥിനെതിരായ സമരം നടക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. സമരം നടത്തുന്നത് നരേന്ദ്ര മോദി സര്‍ക്കാരിനെ കണ്ണടച്ച് എതിര്‍ക്കുന്നവരാണെന്നും ഇത് അവരുടെ സ്ഥിരം കലാപരിപാടിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അഗ്നിപഥ് പദ്ധതി രാജ്യത്തെ യുവാക്കളുടെ പ്രതീക്ഷയാണ്. ഇടത്-ജിഹാദി-അര്‍ബന്‍ നക്‌സല്‍ ഗ്യാങിന്റെ നേതൃത്വത്തിലുള്ള സമരമാണ് ഇപ്പോള്‍ രാജ്യത്തുനടക്കുന്നത്. ഇവര്‍ ബ്രേക്ക് ഇന്ത്യാ ബ്രിഗേഡ് ടീമാണ്.

രാജ്യത്തെ ക്യാമ്പസുകളിലും തെരുവുകളിലും ഇന്ത്യാവിരുദ്ധ സമരം നടത്തി പരാജയപ്പെട്ടവരാണിവര്‍. നിലവിലുള്ള റിക്രൂട്ട്‌മെന്റ് സംവിധാനത്തില്‍ ഒരു വെള്ളവും ചേര്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലായെന്ന് പറഞ്ഞിട്ടും ഇങ്ങനെയൊരു അവസരം ഉപയോഗിക്കുന്നതിന് പകരം അതിനെ എതിര്‍ക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ഷമായി ബൃഹത്തായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പദ്ധതി നടപ്പിലാക്കിയത്. സമരക്കാരോട് കേന്ദ്ര സര്‍ക്കാരിന് തുറന്നസമീപനമാണുള്ളത്. അതുകൊണ്ടാണ് ഈ വര്‍ഷം പ്രായപരിധി ഉയര്‍ത്തിയത്. സംസ്ഥാന ഫോഴ്‌സുകളിലും അര്‍ധസൈനിക ഫോഴ്‌സുകളിലും അഗ്നിവീരന്‍മാര്‍ക്ക് സംവരണം ലഭിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ചില ആര്‍മി റിക്രൂട്ട്‌മെന്റ് ഏജന്‍സി നടത്തിപ്പുകാര്‍ക്ക് മാത്രമേ അഗ്നിപഥ് കൊണ്ട് ബുദ്ധിമുട്ടുണ്ടാവുകയുള്ളൂവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ലോക കേരള സഭയെയും സുരേന്ദ്രന്‍ വിമര്‍ശിച്ചു. മലയാളി സമൂഹത്തിന് ലോക കേരള സഭ എന്തെങ്കിലും സംഭാവന ചെയ്തിട്ടുണ്ടെങ്കില്‍ അത് സ്പീക്കറും അതിന്റെ വക്താക്കളും ജനങ്ങളോട് പറയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് ലോക കേരള സഭയും ചാപിള്ളകളായിരുന്നുവെന്നും ലോക കേരള സഭയുടെ ഭാഗമായി ഒരു നിക്ഷേപവും കേരളത്തില്‍ വന്നിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

CONTENT HIGHLIGHTS: K. Surendran says Left-Jihadi-Urban Naxal gang against the Agnipath