പത്തനംതിട്ടയിൽ 75,000 വോട്ട് നേടി വിജയിക്കുമെന്ന് കെ.സുരേന്ദ്രൻ
പത്തനംതിട്ട: തന്റെ മണ്ഡലമായ പത്തനംതിട്ടയിൽ 75000 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ബി.ജെ.പി. സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രൻ. താൻ ഒരു കാരണവശാലും പരാജയപ്പെടില്ലെന്നും സുരേന്ദ്രൻ അവകാശപ്പെട്ടു. കക്ഷിരാഷ്ട്രീയത്തിന് അതീതമായാണ് പത്തനംതിട്ടയിൽ വിജയം നേടുകയെന്നും സുരേന്ദ്രൻ പറയുന്നു. വിശ്വാസം സംരക്ഷിക്കാനുള്ള പോരാട്ടം താൻ അവസാനിപ്പിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
പത്തനംതിട്ടയിൽ എൽ.ഡി.എഫ് സ്ഥാനാർഥി വീണ ജോർജ്ജ് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. മണ്ഡലത്തിൽ താൻ മത്സരിച്ചത് വീണാ ജോര്‍ജുമായല്ല പിണറായി വിജയനുമായാണെന്നും സുരേന്ദ്രൻ പറഞ്ഞു. എൽ.ഡി.എഫ്, സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് കളക്ടറേറ്റിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുണ്ടെന്നും സുരേന്ദ്രൻ ആരോപണമുയർത്തി. തപാൽ വോട്ടും സര്‍വീസ് വോട്ടും പിടിച്ചുവാങ്ങി അട്ടിമറി നടക്കുന്നു. സുരേന്ദ്രൻ പറഞ്ഞു.
പത്തനംതിട്ടയിൽ 3000 തപാൽ വോട്ടും 40000 സര്‍വീസ് വോട്ടുമാണുള്ളത്. ജീവനക്കാരുടെ വീട്ടിലെ മേൽവിലാസത്തിലേയ്ക്ക് അയയ്ക്കുന്നതിനു പകരം ഓഫീസ് വിലാസത്തിലാണ് ബാലറ്റുകള്‍ അയച്ചത്. തപാൽ വോട്ടിന്‍റെ ചുമതല സ്ഥലംമാറ്റ ഉത്തരവ് നല്‍കാൻ അധികാരമുള്ള എൻ.ജി.ഒ. യൂണിയനിൽപ്പെട്ട ഉദ്യോഗസ്ഥനെയാണ് ഏൽപ്പിച്ചത്. സുരേന്ദ്രൻ പറഞ്ഞു.
ആരോഗ്യവകുപ്പിലെ 450 ജീവനക്കാരുടെ തപാൽവോട്ട് ഭീഷണിപ്പെടുത്തിയാണ് പിടിച്ചുവാങ്ങിയതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. തപാൽ ബാലറ്റുകള്‍ ഏൽപ്പിക്കാത്തവരെ സ്ഥലം മാറ്റുമെന്ന് എൻ.ജി.ഒ യൂണിയനുകൾ ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ പരാതി നല്‍കിയെങ്കിലും പരിഗണിച്ചില്ലെന്നും വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇടവമാസ പൂജയ്ക്ക് ശബരിമല നട തുറക്കുമ്പോള്‍ മനിതി സംഘത്തെ കൊണ്ടുവരാൻ ശ്രമിച്ചാൽ അതിശക്തമായി നേരിടുമെന്നും കെ.സുരേന്ദ്രൻ ഭീഷണി മുഴക്കി.