| Thursday, 14th April 2022, 8:37 pm

ഇത് പാശ്ചാത്യ രാജ്യമല്ല; കാലുതൊട്ടു വന്ദിക്കുന്നത് സംസ്‌കാരത്തിന്റെ ഭാഗം; സുരേഷ് ഗോപിയെ വിമര്‍ശിക്കുന്നവര്‍ മനോനില തെറ്റിയവര്‍: കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സുരേഷ് ഗോപി വിഷു കൈനീട്ടം നല്‍കിയതിനെ എതിര്‍ക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുന്നത് മനോനില തെറ്റിയവരാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍.

നമ്മുടെ നാട്ടിലെ കുട്ടികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അദ്ദേഹം വിഷു കൈനീട്ടം നല്‍കിയത് നല്ല കാര്യമാണ്. മുതിര്‍ന്ന ആളുകളെ ബഹുമാനിക്കാന്‍ ചിലര്‍ കാലുതൊട്ടു വന്ദിച്ചെന്നു വരാം.

അതു നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. നമ്മുടേത് പാശ്ചാത്യ രാജ്യമൊന്നുമല്ലല്ലോ. അത് വലിയ അപരാധമായി കണക്കാക്കേണ്ടതില്ല. കൈനീട്ടം കൊടുക്കരുതെന്ന് പറയാന്‍ ദേവസ്വം ബോര്‍ഡിന് എന്തധികാരമാണുള്ളതെന്ന് സുരേന്ദ്രന്‍ ന്യായീകരിച്ചു.

ബോര്‍ഡ് ഇല്ലാത്ത അധികാരം കാണിക്കുകയാണ്. ഭക്തജനങ്ങള്‍ക്ക് കൈനീട്ടം നല്‍കാന്‍ സുരേഷ് ഗോപിക്ക് മാത്രമല്ല ഏതൊരു പൗരനും അധികാരമുണ്ട്. സ്വന്തം ശമ്പളം എഴുതിയെടുത്ത ശേഷമാണ് ട്രേഡ് യൂണിയനുകളും സര്‍വീസ് സംഘടനകളും പണി മുടക്കിനിറങ്ങിയത്. ഉദ്യോഗസ്ഥര്‍ അവരില്‍ നിക്ഷിപ്തമായ ഉത്തരവാദിത്തം നിര്‍വഹിക്കണം.

രാജ്യത്ത് വികസന പ്രവര്‍ത്തനം അട്ടിമറിക്കാന്‍ അനുവദിക്കില്ല. സംസ്ഥാനത്തിന് 10,000 കോടി രൂപ നഷ്ടമുണ്ടാക്കിയ ട്രേഡ് യൂണിയന്‍ നേതാക്കളെ വിമര്‍ശിക്കാന്‍ പാടില്ലെങ്കില്‍ പിന്നെ അവര്‍ക്ക് പരവതാനി വിരിക്കണോ എന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസം കാറിലിരുന്നുകൊണ്ട് സുരേഷ് ഗോപി വിഷുക്കൈനീട്ടം വിതരണം ചെയ്യുകയും വാങ്ങിക്കുന്നവര്‍ കാല്‍ വന്ദിക്കുന്നതിന്റേയും വീഡിയോ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം വിവാദം ആയത്.

പണം നല്‍കി കാല്‍ വണങ്ങിപ്പിക്കുന്നത് സുരേഷ് ഗോപിയുടെ പ്രമാണിത്ത മനോഭാവത്തെയാണ് കാണിക്കുന്നതെന്നാായിരുന്നു വിമര്‍ശനം. എന്നാല്‍, കുഞ്ഞുങ്ങളെ അനുഗ്രഹിച്ച് കൊണ്ട് ഒരു രൂപ നല്‍കുന്നതില്‍ എന്താണ് കുഴപ്പമെന്നും ചൊറിയന്‍ മാക്രികളാണ് വിവാദത്തിന് പിന്നിലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

Content Highlights: K. Surendran says Critics of Suresh Gopi are mentally deranged

We use cookies to give you the best possible experience. Learn more