'മഅദനിയ്ക്കൊപ്പം മുഖ്യമന്ത്രിക്ക് വേദി പങ്കിടാം'; ബീന ഫിലിപ്പിനെതിരെ സി.പി.ഐ.എം നടപടിക്കൊരുങ്ങുന്നത് മുസ്‌ലിം സമുദായങ്ങളെ പ്രീണിപ്പിക്കാന്‍: കെ. സുരേന്ദ്രന്‍
Kerala News
'മഅദനിയ്ക്കൊപ്പം മുഖ്യമന്ത്രിക്ക് വേദി പങ്കിടാം'; ബീന ഫിലിപ്പിനെതിരെ സി.പി.ഐ.എം നടപടിക്കൊരുങ്ങുന്നത് മുസ്‌ലിം സമുദായങ്ങളെ പ്രീണിപ്പിക്കാന്‍: കെ. സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th August 2022, 5:38 pm

തിരുവനന്തപുരം: അര്‍.എസ്.എസ് അനുകൂല സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതില്‍ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിനെതിരെ നടപടി സ്വീകരിക്കാനുള്ള സി.പി.ഐ.എം നീക്കം മുസ്‌ലിം സമുദായങ്ങളെ പ്രീണിപ്പിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

മഅദനിയ്ക്കൊപ്പം മുഖ്യമന്ത്രിക്ക് വേദി പങ്കിടാമെങ്കില്‍, പി.ഡി.പി മണ്ഡലം കണ്‍വെന്‍ഷന്‍ അമ്പലപ്പുഴ എം.എല്‍.എക്ക് ഉദ്ഘാടനം ചെയ്യാമെങ്കില്‍ കോഴിക്കോട് മേയര്‍ക്ക് ഒു സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലേ എന്ന് സുരേന്ദ്രന്‍ പറഞ്ഞു.

സി.പി.ഐ.എമ്മിന്റെ വര്‍ഗീയ പ്രീണന രാഷ്ട്രീയത്തിന്റെയും ഇരട്ട നീതിയുടെയും ഉദാഹരണമാണ് കോഴിക്കോട് മേയര്‍ക്കെതിരെയുള്ള നടപടി. ന്യൂനപക്ഷ വര്‍ഗീയതയെ സി.പി.ഐ.എം താലോലിക്കുന്നു. സി.പി.ഐ.എമ്മിന് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയതും ആലപ്പുഴ കളക്ടറെ മാറ്റിയതുമെല്ലാം കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചുകൊണ്ടുള്ള നടപടിയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ബാലഗോകുലം ഒരു നിരോധിത സംഘടന അല്ലെന്നും കുട്ടികളുടെ സംഘടനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ് ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്ത നിലപാട് ശരിയല്ലെന്ന് സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

സി.പി.ഐ.എം എല്ലാ കാലവും ഉയര്‍ത്തിപ്പിടിച്ചു വരുന്ന പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമായ നടപടിയാണ് മേയര്‍ ചെയ്തതെന്നും, ഇത് സി.പി.ഐ.എമ്മിന് ഒരു വിധത്തിലും അംഗീകരിക്കാവുന്നതല്ലെന്നും, അക്കാരണംകൊണ്ട് തന്നെ ഇക്കാര്യത്തിലുള്ള മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപറയുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

വിവാദത്തില്‍ സി.പി.ഐ.എമ്മിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ വി.ടി. ബല്‍റാം രംഗത്തെത്തിയിരുന്നു.

കോഴിക്കോട് പാര്‍ലമെന്റ് സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥിയെ സി.പി.ഐ.എം ഇപ്പോഴേ പ്രഖ്യാപിക്കുകയാണോ? എന്ന ചോദ്യമാണ് ബല്‍റാം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്.