|

മത്സരം ബി.ജെ.പിയും സി.പി.ഐ.എമ്മും തമ്മിലെന്ന് കെ.സുരേന്ദ്രന്‍; അയ്യായിരത്തോളം വാര്‍ഡുകളില്‍ ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥികളില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ മുഖ്യമത്സരം ബി.ജെ.പിയും – സി.പി.ഐ.എമ്മും തമ്മിലെന്നായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞത്. എന്നാല്‍ സംസ്ഥാന അധ്യക്ഷന്റെ സ്വന്തം ജില്ലയില്‍ പോലും മുഴുവന്‍ സീറ്റിലേക്കും ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

സിറാജ് ദിനപത്രമാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. കോഴിക്കോട് ജില്ലയില്‍ 9 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലും രണ്ട് നഗരസഭാ വാര്‍ഡുകളിലും ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥികളില്ല. നൊച്ചാട് പഞ്ചായത്ത് 15, 16, വാര്‍ഡുകളിലും കടലുണ്ടി നാലാം വാര്‍ഡ്, കക്കോടി 7ാം വാര്‍ഡ്, മണിയൂര്‍ 1ാം വാര്‍ഡ്, കിഴക്കോത്ത് 17ാം വാര്‍ഡ്, തിരുവള്ളൂര്‍ 11, 13, 18 വാര്‍ഡുകളിലുമാണ് ഗ്രാമപഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തത്.

ഇതിന് പുറമെ വടകര നഗരസഭയിലെ 29ാം വാര്‍ഡിലും കൊയിലാണ്ടി 8ാം വാര്‍ഡിലും സ്ഥാനാര്‍ത്ഥികള്‍ ഇല്ല. തൊട്ട് അടുത്ത ജില്ലകളായ കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലും സമാനമായ അവസ്ഥയാണ് ഉള്ളത്.

മലപ്പുറത്ത് 223 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ 190 ഡിവിഷനുകളില്‍ മാത്രമാണ് സ്ഥാനാര്‍ത്ഥികള്‍ ഉള്ളത്. പന്ത്രണ്ട് നഗര സഭകളിലായി 479 ഡിവിഷനുകളില്‍ 257 ഡിവിഷനിലും ബി.ജെ.പി മത്സരിക്കുന്നില്ല.

കണ്ണൂരില്‍ 243 പഞ്ചായത്ത് വാര്‍ഡുകളിലും ബ്ലോക്ക് പഞ്ചായത്തിലെ 15 ഡിവിഷനുകളിലും 79 നഗരസഭ വാര്‍ഡുകളിലും ഇതുതന്നെയാണ് അവസ്ഥ. ഇതിന് പുറമെ മലപ്പട്ടം, ചെറുകുന്ന് പഞ്ചായത്തുകളിലെ ഒറ്റവാര്‍ഡില്‍ പോലും ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥികള്‍ ഇല്ല.

പാലക്കാട് യു.ഡി.എഫ് – ബി.ജെ.പി പെതുസ്വതന്ത്രന്മാരെയും നിര്‍ത്തിയിട്ടുണ്ട്. ഇതിന് പുറമെ കാസര്‍ഗോഡ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ലീഗ്, ബി.ജെ.പി സഖ്യമാണെന്നാരോപിച്ച് കാസര്‍ഗോഡ് പനത്തടി പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ രാജി വെച്ചിരുന്നു.

പഞ്ചായത്തില്‍ ആകെ 15 വാര്‍ഡുകളാണ് ഉള്ളത്. ഇതില്‍ 12 വാര്‍ഡുകളിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത്. ഇവിടെ ബി.ജെ.പിക്ക് സ്വന്തം ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ല. പകരം ബി.ജെ.പി സ്വന്തം ചിഹ്നത്തില്‍ മത്സരിക്കുന്ന മൂന്ന് വാര്‍ഡുകളില്‍ യു.ഡി.എഫും സ്ഥാനാര്‍ത്ഥികളെ വെച്ചിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: K Surendran says contest is between BJP and CPI (M); The BJP has no candidates in Around 5,000 wards

Video Stories