യു.പിയിലെ മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ വിജയിച്ചത് ബി.ജെ.പി; മോദിയുടെ വികസന പദ്ധതികളില്‍ ഹിന്ദുവും മുസല്‍മാനും ക്രൈസ്തവനുമില്ല: കെ. സുരേന്ദ്രന്‍
Kerala News
യു.പിയിലെ മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ വിജയിച്ചത് ബി.ജെ.പി; മോദിയുടെ വികസന പദ്ധതികളില്‍ ഹിന്ദുവും മുസല്‍മാനും ക്രൈസ്തവനുമില്ല: കെ. സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th March 2022, 10:56 pm

കോഴിക്കോട്: ഉത്തര്‍ പ്രദേശിലെ നിരവധി മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ ഇത്തവണ ബി.ജെ.പിയാണ് വിജയിച്ചതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍.

മോദിയുടെ വികസനപദ്ധതികളില്‍ ഹിന്ദുവും മുസല്‍മാനും ക്രൈസ്തവനുമില്ലെന്നും എല്ലാവരുടെയു വികസനമാണ് ലക്ഷ്യമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

‘ഉവൈസി വോട്ടൊന്നും ഭിന്നിപ്പിക്കാതെതന്നെ ഉത്തര്‍ പ്രദേശിലെ നിരവധി മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ ഇത്തവണ ബി. ജെ. പിയാണ് വിജയിച്ചത്. ഇ.ടി.യും സമദാനിയും ചുമ്മാ കറങ്ങിത്തിരിച്ചു നടന്നതു മിച്ചം. മോദിയുടെ വികസനപദ്ധതികളില്‍ ഹിന്ദുവും മുസല്‍മാനും ക്രൈസ്തവനുമില്ല.

സബ് കാ സാഥ്, സബ് കാ വികാസ്, സബ് കാ വിശ്വാസ് എന്നത് മോദിക്കും ബി.ജെ.പിക്കും കേവലമൊരു പി.ആര്‍ ടാഗ് ലൈന്‍ അല്ല മറിച്ച് അതൊരു ആചരണമാണ്. ആത്മാര്‍ത്ഥമായൊരു ഉപാസനയാണെന്ന് ഓരോ തെരഞ്ഞെടുപ്പുകളും തെളിയിക്കുന്നു,’ സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, ജാതിക്കും മതത്തിനും ഉപരിയായി ജനങ്ങള്‍ ചിന്തിച്ചുവെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അന്തിമ ഫലങ്ങള്‍ പുറത്തുവന്നതിന് ശേഷം ദല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പാര്‍ട്ടിപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.പിയിലെ ജനങ്ങള്‍ ജാതിരാഷ്ട്രീയത്തെ തള്ളിക്കളഞ്ഞു. ജാതിവാദ രാഷ്ട്രീയം കളിക്കുന്നവര്‍ യു.പിയിലെ ജനങ്ങളെ അപമാനിച്ചു. ജാതിക്കും മതത്തിനും ഉപരിയായി ജനങ്ങള്‍ ചിന്തിച്ചുവെന്നും മോദി പറഞ്ഞു.

2019ല്‍ ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയപ്പോള്‍ അതിനുള്ള കാരണം 2017-ലെ യു.പിയിലെ വിജയമാണെന്ന് വിദഗ്ധര്‍ പറഞ്ഞിരുന്നു. 2022-ലെ യു.പിയിലെ ഈ വിജയം 2024 പൊതുതിരഞ്ഞെടുപ്പിന്റെ വിധി തീരുമാനിക്കുമെന്ന് ഇതേ വിദഗ്ധര്‍ പറയുമെന്നാണ് വിശ്വാസമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.