| Saturday, 19th August 2023, 8:44 pm

സതീശനും പിണറായിയും തമ്മില്‍ അന്തര്‍ധാര, സുധാകരന് ഈ ആനുകൂല്യമില്ല: കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മുഖ്യമന്ത്രിയുടെ പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍.
മാസപ്പടി വിഷയത്തില്‍ കോണ്‍ഗ്രസ് സി.പി.ഐ.എമ്മുമായി ഒത്തുതീര്‍പ്പ് ഉണ്ടാക്കിയത് സതീശനാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസ് പോയിന്‍ ബ്ലാങ്ക് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാസപ്പടി വിവാദം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

‘മാസപ്പടി വിവാദം മുക്കിയത് സതീശനും കമ്പനിയുമാണ്. കോടികളാണ് യു.ഡി.എഫ് നേതാക്കള്‍ക്ക് കിട്ടിയത്.

എനിക്കെതിരായ കൊടകരക്കേസില്‍ ചാര്‍ജ് ഷീറ്റ് കൊടുത്തു. വി.ഡി. സതീശനെതിരെ പരാതിയുള്ള പുനര്‍ജനിക്കേസില്‍ ഒരു ദിവസം പോലും ചോദ്യം ചെയ്യലിന് തയ്യാറായിട്ടില്ല. എന്നെ 14 തവണ പല കേസുകളിലുമായിട്ട് ചോദ്യം ചെയ്തതാണ്. എന്റെ ശബ്ദ പരിശോധന നടത്തി. മഞ്ചേശ്വരം കേസ് ഉള്‍പ്പെടെ മൂന്നില്‍ രണ്ട് കേസുകളില്‍ ചാര്‍ജ് ഷീറ്റ് നല്‍കി.

ചാരിറ്റി പ്രവര്‍ത്തനത്തിന്റെ പേരില്‍ വിദേശത്ത് നിന്ന് ഉള്‍പ്പെടെ കോടിക്കണക്കിന് രൂപ കേരളത്തിലേക്ക് കൊണ്ടുന്നുവെന്നാണ് സതീശനെതിരെയുള്ള ആരോപണം. ചാരിറ്റി പണം വകമാറ്റിയ കേസാണിത്, അതില്‍ ഒരു അന്വേഷണം പോലും നടത്തിയിട്ടില്ല.

മാത്യു കുഴല്‍നാടന്‍, സുധാകരന്‍. കെ.എം. ഷാജി എന്നിവര്‍ക്കെതിരെയൊക്കെ കേസെടുക്കുന്നു. ഇതിനേക്കാളൊക്കെ വലിയ കേസല്ല സതീശന്റെ പുനര്‍ജനിക്കേസ്. എന്താണ് സതീശന് മാത്രം ഒരു ഇമ്മ്യൂണിറ്റി. വി.ഡി. സതീശനും പിണറായി വിജയനും തമ്മിലാണ് മ്ലേച്ചമായ അന്തര്‍ത്ഥാരയുള്ളത്,’ സുരേന്ദ്രന്‍ പറഞ്ഞു.

മിത്ത് വിവാദത്തില്‍ ബി.ജെ.പി പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ല. എന്‍.എസ്.എസ് പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറിയെന്നതും ആരോപണം മാത്രമാണ്. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പറഞ്ഞ കാര്യങ്ങള്‍ തിരുത്തണം. ഈ വിഷയത്തിലും കോണ്‍ഗ്രസ് നിലപാട് ഇരട്ടത്താപ്പാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Content Highlight: K. Surendran  said that  V.D. Satheesan is getting special treatment from the Chief Minister

We use cookies to give you the best possible experience. Learn more