തിരുവനന്തപുരം: അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സംരക്ഷിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ രംഗത്തുവരുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഗവര്‍ണറെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന മുഖ്യമന്ത്രിയുടെയും സി.പി.ഐ.എമ്മിന്റെയും മോഹം നടപ്പാകില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഗവര്‍ണര്‍ ഉന്നയിച്ച ഒരു ചോദ്യത്തിനും മുഖ്യമന്ത്രി വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ലന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിന്റെ അധിപനായ ഗവര്‍ണര്‍ ഫോണ്‍ ചെയ്താല്‍ എടുക്കാത്ത മുഖ്യമന്ത്രി കേരളത്തില്‍ മാത്രമാണുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഗവര്‍ണര്‍ ആര്‍.എസ്.എസ് തലവനുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമാക്കുന്നതിന് പിന്നില്‍ സി.പി.ഐ.എമ്മിന് ദുഷ്ടലാക്കാണ്. നമ്മുടെ നാട്ടിലെ ഏതൊരു ഗവര്‍ണര്‍ക്കും ഈ രാജ്യത്ത് ആര്‍.എസ്.എസ് സര്‍സംഘ് ചാലകിനെ കാണാവുന്നതാണ്. ഈ രാജ്യത്തെ മഹത്തായ ഉന്നതപദവികളിലിരിക്കുന്ന ഒരാളാണ് മോഹന്‍ ഭാഗവതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഗവര്‍ണര്‍ ആക്രമിക്കപ്പെട്ട കേസില്‍ സാമാന്യമര്യാദക്ക് ഒരന്വേഷണമെങ്കിലും നടത്തി നടപടി സ്വീകരിക്കേണ്ടതില്ലേ. സംസ്ഥാനത്തെ പ്രഥമ പൗരനായ ഗവര്‍ണര്‍ക്ക് നീതി ലഭിക്കാത്ത നാട്ടില്‍ ഏത് സാധാരണക്കാരനാണ് നീതി ലഭിക്കുക. ഗവര്‍ണര്‍ ആക്രമിക്കപ്പെട്ടിട്ട് ഒരു കേസ് പോലുമെടുക്കാത്ത സര്‍ക്കാരും പൊലീസുമാണ് കേരളത്തിലുള്ളത്. ഗവര്‍ണര്‍ പരാതി കൊടുത്തോ എന്ന ബാലിശമായ ചോദ്യമാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിക്കും സര്‍വകലാശാലകളിലെ അനധികൃത നിയമനങ്ങള്‍ക്കും വഴിവിട്ട നിയമനങ്ങള്‍ക്കും എതിരെയാണ് ഗവര്‍ണര്‍ ശബ്ദമുയര്‍ത്തിയത്. നിയമവാഴ്ച സംരക്ഷിക്കുകയാണ് അദ്ദഹത്തിന്റെ ലക്ഷ്യം. അതിനെതിരായി രാജ്ഭവനെ പാര്‍ട്ടിയുടെ കയ്യൂക്ക് കാട്ടി ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്നത് വ്യാമോഹമാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.