തിരുവനന്തപുരം: സി.പി.ഐ.എം മുസ്‌ലിം ലീഗിന് സമാനമായ പ്രാദേശിക പാര്‍ട്ടിയായി മാറിയതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അഖിലേന്ത്യാ പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ ലീഗിനെ പോലെ സംസ്ഥാനഘടകം പ്രഖ്യാപിക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ.എമ്മെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന്‍ പറഞ്ഞു.
പിണറായി വിജയന്‍ പാണക്കാട് തങ്ങളെ പോലെ ദേശീയ നേതാക്കളെ നിയന്ത്രിക്കുകയാണ്. അഖിലേന്ത്യാ പാര്‍ട്ടിയെ വരച്ചവരയില്‍ നിര്‍ത്തുകയാണ് അദ്ദേഹം. കെ റെയിലിന്റെ കാര്യത്തില്‍ പിണറായി വിജയന്റെ ആഗ്രഹം അംഗീകരിക്കേണ്ടി വരുന്ന ഗതികേടിലാണ് യെച്ചൂരി. അഖിലേന്ത്യാ പാര്‍ട്ടിക്ക് ചെലവിന് കൊടുക്കുന്നത് സംസ്ഥാന ഘടകമാണ്. കേരളത്തില്‍ മാത്രമാണ് പാര്‍ട്ടിയുള്ളത്. വിദ്യാര്‍ത്ഥി-യുവജന-ട്രേഡ് യൂണിയന്‍ രംഗത്തെല്ലാം സി.പി.ഐ.എം തകര്‍ന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഇനി ഒരിക്കലും തിരിച്ചു വരാനാകാത്ത രീതിയില്‍ യുവാക്കള്‍ പാര്‍ട്ടിയെ കൈവെടിഞ്ഞു കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ആശയപാപ്പരത്തമാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ കാണുന്നത്. സി.പി.ഐ.എം സമ്പൂര്‍ണമായി തകര്‍ന്നു. എല്ലാ സംസ്ഥാനങ്ങളിലും കൊഴിഞ്ഞുപോക്ക് നടക്കുകയാണ്. മല എലിയെ പ്രസവിച്ചത് പോലെയാണ് സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കമ്മ്യൂണിസ്റ്റുകാരുടെ ഭാഷ ഇന്ത്യയിലെ ജനങ്ങള്‍ക്ക് മനസിലാകാത്തതാണ്. ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത പാര്‍ട്ടിയാണ് സി.പി.ഐ.എം. കൈവിരലുകൊണ്ട് എണ്ണാവുന്ന പാര്‍ലമെന്റ് അംഗങ്ങളെ വെച്ചാണ് പാര്‍ലമെന്റില്‍ 402 എം.പിമാരുള്ള ബി.ജെ.പിയെ എതിര്‍ക്കുന്നത്. കോണ്‍ഗ്രസിനോടുള്ള സി.പി.ഐ.എമ്മിന്റെ സമീപനം കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുന്നതാണ്. ഒരു സംസ്ഥാനത്തും സി.പി.ഐ.എമ്മും കോണ്‍ഗ്രസും ഒന്നിച്ചത് കൊണ്ട് ഒരു പ്രയോജനവുമില്ല. അപ്രായോഗികവും അസാധാരണവുമായ സഖ്യമാണത്. സി.പി.ഐ.എം ബി.ജെ.പിയെ എതിര്‍ക്കുന്നത് തങ്ങള്‍ക്ക് സന്തോഷമാണെന്ന് ബി.ജെ.പി അധ്യക്ഷന്‍ പറഞ്ഞു.
രാജ്യവിരുദ്ധ പാര്‍ട്ടിയാണ് സി.പി.ഐ.എം. രാജ്യദ്രോഹികളുമായി സഖ്യം കൂടുന്ന പാരമ്പര്യമാണ് ഇടതുപക്ഷത്തിനുള്ളത്. ഇന്ത്യയേക്കാള്‍ കൂടുതല്‍ സ്‌നേഹം ചൈനയോട് കാണിക്കുന്നവരാണവര്‍. ഇന്ത്യാ വിഭജനത്തെ അനുകൂലിച്ച പാക്കിസ്ഥാനെ സ്‌നേഹിക്കുന്ന എല്ലാ ഇന്ത്യന്‍ വികാരത്തെയും എതിര്‍ക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ.എം. അങ്ങനെയുള്ള പാര്‍ട്ടി ഭരിക്കുന്നത് കേരളത്തിന് അപമാനമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിന് ദിശാബോധമില്ല. നയപരമായ കാര്യങ്ങള്‍ ജനങ്ങളെ ബോധിപ്പിക്കാന്‍ കഴിയുന്നില്ല. രാഷ്ട്രീയ പ്രമേയം എന്നത് മൂന്നും നാലും കൊല്ലം മുമ്പ് തയ്യാറാക്കിയതാണ്. കുത്തും കോമയും മാത്രമാണ് ഓരോ സമ്മേളനങ്ങളിലെയും പ്രമേയങ്ങളില്‍ മാറുന്നത്. അതുകൊണ്ടാണ് ഇടയ്ക്കിടയ്ക്ക് അവര്‍ക്ക് നിലപാട് തിരുത്തേണ്ടി വരുന്നത്. ശബരിമല വിഷയത്തില്‍ വൃന്ദകാരാട്ട് ഇപ്പോള്‍ പറയുന്നത് വിശ്വാസികളായ സ്ത്രീകളുടെ വികാരം മാനിക്കണമെന്നാണ്. പിണറായി വിജയന്റെ ഏകാധിപത്യത്തിന് അംഗീകാരം കൊടുക്കുന്ന സമ്മേളനമായി കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ് മാറി.
കേരള രാഷ്ട്രീയത്തില്‍ ഒരു പ്രസക്തിയുമില്ലാത്ത കെ.വി. തോമസ് പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പോയത് കൊണ്ട് ഒന്നും സംഭവിക്കാനില്ല. കെ.സുധാകരനും വി.ഡി. സതീശനും ബുദ്ധിശൂന്യമായ രീതിയിലാണ് പ്രതികരിച്ചത്. ദേശീയതലത്തില്‍ കോണ്‍ഗ്രസ്-സി.പി.ഐ.എം നേതാക്കള്‍ പരസ്പരം വേദി പങ്കിടുകയാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാണിച്ചു.
സില്‍വര്‍ലൈനിന് വേണ്ടി റെയില്‍വേയുടെ സ്ഥലത്ത് കല്ലിടാന്‍ അനുമതിയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ അറിയിച്ചത് വാര്‍ത്തയാകുന്നില്ല. റെയില്‍വേ ഭൂമിയില്‍ മഞ്ഞക്കല്ല് ഇടരുതെന്ന് രേഖാമൂലം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് പറയുന്നവര്‍ ഇത് കാണണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Content Highlights: K Surendran said that the CPIM has become a regional party similar to the Muslim League