തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യം കേന്ദ്രത്തെ അറിയിച്ചിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രതികരണം.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യം കൂടിക്കാഴ്ചയില്‍ ഉന്നയിച്ചിട്ടില്ലെന്നും അത്തരം കാര്യങ്ങളെല്ലാം സംസ്ഥാന സര്‍ക്കാരുകളാണ് ആവശ്യപ്പെടേണ്ടതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ എന്‍.ഐ.എ അന്വേഷണം വേണമെന്ന ആവശ്യം അമിത് ഷായെ അറിയിച്ചിട്ടുണ്ട്. ഉപയോഗിക്കപ്പെട്ടിരിക്കുന്ന ആയുധങ്ങള്‍, കൊലപാതകരീതി, ആസൂത്രണം എന്നിവയിലെല്ലാം വളരെ ശക്തമായ തീവ്രവാദ ആക്രമണത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കേസില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ അറസ്റ്റിനോട് പ്രതികരിച്ച സുരേന്ദ്രന്‍ ഒരാളെ അറസ്റ്റുചെയ്തതുകൊണ്ടു മാത്രം ഒന്നും തീരില്ലെന്നാണ് പറഞ്ഞത്.
കേരളത്തില്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന മതതീവ്രവാദ ശക്തികളെക്കുറിച്ചാണ് ചര്‍ച്ചചെയ്തത്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണമെന്നും അമിത് ഷയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹി അറസ്റ്റിലായിരുന്നു. ഇയാള്‍ കൃത്യത്തില്‍ നേരിട്ടു പങ്കെടുത്തിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.
തിരിച്ചറിയല്‍ പരേഡ് ഉള്ളതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ല. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി ആര്‍.വിശ്വനാഥ് പറഞ്ഞു. സഞ്ജിത്തിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നും പൊലീസ് വ്യക്തമാക്കി.