തിരുവനന്തപുരം: സജീവരാഷ്ട്രീയം വിടുകയാണെന്ന മെട്രോമാനും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായിരുന്ന ഇ. ശ്രീധരന്റെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
ഇ. ശ്രീധരന്‍ ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തനത്തിലുണ്ടെന്നും മാര്‍ഗ നിര്‍ദേശങ്ങള്‍ യഥാസമയം പാര്‍ട്ടിക്ക് ലഭിക്കുന്നുണ്ടെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
ഒരു രാഷ്ട്രീയക്കാരനെന്ന നിലയിലുപരി സാങ്കേതിക വിദഗ്ദനെന്ന നിലയിലാണ് അദ്ദേഹം ഇത്രയും കാലം ജനങ്ങളെ സേവിച്ചിരുന്നത്. അങ്ങനെയാണ് ബി.ജെ.പിയുടെ അഭ്യര്‍ത്ഥന മാനിച്ച് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
കെ റെയില്‍ വിഷയത്തില്‍ ഉള്‍പ്പടെ അദ്ദേഹത്തിന്റെ അഭിപ്രായം കേട്ട ശേഷമാണ് ബി.ജെ.പി നിലപാട് സ്വീകരിച്ചത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയത് അദ്ദേഹത്തിന്റെ സേവനം ആഗ്രഹിച്ചാണ്. അത് തുടര്‍ന്നും ലഭിക്കുമെന്ന വിശ്വാസമുണ്ടെന്നും സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുകയാണെന്ന് ഇ. ശ്രീധരന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി പാഠം പഠിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. രാഷ്ട്രീയത്തില്‍ നിന്ന് മാറുന്നുവെന്ന് അര്‍ത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ എം.എല്‍.എയായി വന്നതുകൊണ്ട് നാടിന് വേണ്ടി ഒന്നും ചെയ്യാന്‍ സാധിക്കില്ല. നമുക്ക് അധികാരം കിട്ടാതെ ഒന്നും പറ്റില്ല,’ ശ്രീധരന്‍ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ശ്രീധരനെ ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നാലെ തന്നെ പാലക്കാട് എം.എല്‍.എ ഓഫീസ് തുറന്ന ശ്രീധരന്റെ നടപടി വാര്‍ത്തയായിരുന്നു. യു.ഡി.എഫിന്റെ ഷാഫി പറമ്പിലിനോട് 3859 വോട്ടിനാണ് ഇ. ശ്രീധരന്‍ പരാജയപ്പെട്ടത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
CONTENT HIGHLIGHTS: K. Surendran said I am confident that E. Sreedharan’s services will continue to be available to BJP