| Sunday, 4th December 2022, 6:44 pm

കേരളത്തില്‍ ശരീഅത്ത് നിയമമാണോ? വോട്ടിന് വേണ്ടി നവോത്ഥാന മൂല്യങ്ങളെ സര്‍ക്കാര്‍ ചവിട്ടിമെതിക്കുകയാണ്; കുടുംബശ്രീ പ്രതിജ്ഞയില്‍ കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലെ ഭരണം നിയന്ത്രിക്കുന്നത് സംഘടിത മതമൗലികവാദ ശക്തികളാണെന്ന് കുടുംബശ്രീയുടെ പ്രതിജ്ഞ പിന്‍വലിച്ചതിലൂടെ തെളിഞ്ഞുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കളുടെ സ്വത്തില്‍ തുല്യാവകാശം കൊടുക്കണമെന്ന പ്രതിജ്ഞയാണ്
തീവ്ര മുസ്‌ലിം സംഘടനകളുടെ എതിര്‍പ്പ് ഉയര്‍ന്നതോടെ സര്‍ക്കാര്‍ പിന്‍വലിച്ചതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ഇവിടെ ശരീഅത്ത് നിയമമാണോ നടപ്പാക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് തുല്യമായ സ്വത്തവകാശം അനുവദിക്കില്ലെന്ന തീവ്രവാദികളുടെ ഫത്‌വയാണ് കേരളത്തിലെ പൊതു ഇടങ്ങളില്‍ അംഗീകരിക്കപ്പെടുന്നതെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

‘കുടുംബശ്രീ പ്രതിജ്ഞ പിന്‍വലിച്ചത് സ്ത്രീവിരുദ്ധവും പിന്തിരിപ്പനുമാണ്. വോട്ടുബാങ്കിന് വേണ്ടി നവോത്ഥാന മൂല്യങ്ങളെ സര്‍ക്കാര്‍ ചവിട്ടിമെതിക്കുകയാണ്. സ്ത്രീകള്‍ക്ക് ഭരണഘടന ഉറപ്പുവരുത്തുന്ന തുല്യ അവകാശത്തെയാണ് മതമൗലികവാദികളുടെ ഭീഷണിക്ക് മുമ്പില്‍ സര്‍ക്കാര്‍ അടിയറവ് വെച്ചത്.

ഇവിടെ ശരീഅത്ത് നിയമമാണോ നടപ്പാക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. അമ്പത് കോടി മുടക്കി വനിതാ മതില്‍ പണിഞ്ഞത് ശബരിമലയില്‍ ലിംഗസമത്വം കൊണ്ടുവരാന്‍ മാത്രമാണ്.

സ്ത്രീകള്‍ക്ക് തുല്യമായ സ്വത്തവകാശം അനുവദിക്കില്ലെന്ന തീവ്രവാദികളുടെ ഫത്‌വയാണ് കേരളത്തിലെ പൊതു ഇടങ്ങളില്‍ അംഗീകരിക്കപ്പെടുന്നത്,’ സുരേന്ദ്രന്‍ പറഞ്ഞു.

അതിനിടെ, കുടുംബശ്രീ പ്രതിജ്ഞക്കെതിരെ മുസ്‌ലിം സംഘടനകള്‍ ഉള്‍പ്പെടെയുള്ള രംഗത്ത് എത്തിയിരുന്നു. സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യഅവകാശമെന്ന പ്രതിജ്ഞയിലെ പരാമര്‍ശം ശരീഅത്ത് വിരുദ്ധമെന്നായായിരുന്നു വിമര്‍ശനം.

അതേസമയം, കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടത്തുന്ന ജെന്‍ഡര്‍ ക്യാമ്പെയ്നിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ 2022 നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ കുടുംബശ്രീയിലൂടെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായിരുന്നു സ്ത്രീകള്‍ക്കുള്ള പ്രതിജ്ഞ.

സംസ്ഥാനത്തെ എല്ലാ ജില്ലയിലും ഗ്രാമ പഞ്ചായത്തുകള്‍ക്കും കുടുംബശ്രീക്കും ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ നല്‍കിയ സര്‍ക്കുലറിലായിരുന്നു ഇതുള്ളത്. മാസത്തിലെ നാലാമത്തെ ആഴ്ചയില്‍ എല്ലാ കുടുംബശ്രീയിലും ജെന്‍ഡര്‍ റിസോഴ്സ് മീറ്റിലൂടെ പ്രതിജ്ഞ ചൊല്ലണമെന്നായിരുന്നു നിര്‍ദേശം.

എന്നാല്‍, സ്ത്രീക്കും പുരുഷനും തുല്യസ്വത്തവകാശം എന്ന വാചകമുള്‍പ്പെട്ട ഈ പ്രതിജ്ഞ കുടുംബശ്രീ പിന്‍വലിച്ചിരിക്കുകയാണ്. ചില മുസ്ലിം സംഘടനകള്‍ കഴിഞ്ഞ ദിവസം പ്രതിജ്ഞക്കെതിരെ രംഗത്തുവന്നിരുന്നു. പിന്നാലെയാണ് കുടുംബശ്രീ സ്റ്റേറ്റ് മിഷന്‍ ഓഫീസില്‍ നിന്നും പ്രതിജ്ഞ പിന്‍വലിച്ചുകൊണ്ടുള്ള അറിയിപ്പ് ജില്ലാ മിഷനുകള്‍ക്ക് ലഭിച്ചിരിക്കുന്നത്.

ജില്ലാ മിഷനുകള്‍ ഇത് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് കൈമാറിയതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രതിജ്ഞ ഒഴികെയുള്ള മറ്റ് പ്രചരണ പോസ്റ്ററുകള്‍ ഉപയോഗിക്കാമെന്നും പുതുക്കിയ പ്രതിജ്ഞ പിന്നീട് നല്‍കുമെന്നും അറിയിപ്പിലുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഈ പ്രതിജ്ഞയിലെ ചില ഭാഗങ്ങള്‍ വിവാദമായ സാഹചര്യവും മുസ്‌ലിം സംഘടനകള്‍ ഇതിനെതിരെ രംഗത്ത് വന്നതുംകൂടി പരിഗണിച്ചാണ് പ്രതിജ്ഞ ചൊല്ലേണ്ടതില്ലെന്ന തീരുമാനമെടുത്തതെന്നാണ് കോഴിക്കോട് ജില്ലാ പ്രോഗ്രാം ഓഫീസര്‍ പറഞ്ഞതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം രേഖാമൂലമുള്ള സര്‍ക്കുലറുകളോ ഉത്തരവുകളോ ഇത് സംബന്ധിച്ച് പുറത്തുവന്നിട്ടില്ല. വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്.

Content Highlight: K Surendran’s Reaction on Kudumbashree Pledge Controversy

We use cookies to give you the best possible experience. Learn more