തിരുവനന്തപുരം: ഏഷ്യാ കപ്പില്‍ ചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമിന് അഭിനന്ദനമറിയിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് ചര്‍ച്ചയാകുന്നു. സുരേന്ദ്രന്റെ പോസ്റ്റില്‍ ഒരു സ്ഥലത്ത് പോലും ഇന്ത്യ എന്ന് ഉപയോഗിക്കാതെ ഭാരതം എന്നാണ് പറയുന്നത്.
അഞ്ച് സെന്റന്‍സില്‍ എഴുതിയ പോസ്റ്റില്‍ നാല് തവണയാണ് ഇദ്ദേഹം ഇന്ത്യ എന്ന് പറയാതെ ഭാരതം എന്ന് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഈ പോസ്റ്റിന് താഴെ ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത് ടീം ഇന്ത്യക്ക് അഭിനന്ദനം എന്നാണ്. ഇന്ത്യക്ക് പകരം ഭാരതം എന്ന് ഉപയോഗിച്ച നടപടിയെ വമര്‍ശിച്ചും പരിഹസിച്ചും കമന്റുകളുണ്ട്.
‘ഞങ്ങളുടെ ഇന്ത്യ വിജയിച്ചു. ഭാരത ടീം അല്ല ജി ഇന്ത്യന്‍ ടീം.
ശ്രദ്ധയോടെ എത്ര പ്രയാസപ്പെട്ടിട്ടാണ് ജീ വരികളില്‍ ‘ഇന്ത്യ’ എന്ന പദം വരാതെ സൂക്ഷിച്ചത്,’ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.
കെ. സുരേന്ദ്രന്റെ പോസ്റ്റ്
ഏഷ്യാകപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയ ആധികാരിക വിജയത്തോടെ ഭാരതം എട്ടാംതവണ ഏഷ്യന്‍ ചാമ്പ്യന്മാരായിരിക്കുകയാണ്. മുഹമ്മദ് സിറാജിന്റെ തീപാറുന്ന ബൗളിങ്ങാണ് ഭാരത ടീമിന് അനായാസ വിജയം സമ്മാനിച്ചത്.
സ്വപ്ന സ്‌പെല്ലില്‍ ഒരോവറില്‍ നാല് വിക്കറ്റ് ഉള്‍പ്പെടെ ആറ് വിക്കറ്റ് നേടിയ സിറാജ് അക്ഷരാര്‍ത്ഥത്തില്‍ ലങ്കാദഹനം തന്നെയാണ് നടത്തിയത്. നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ ആത്മവിശ്വാസത്തോടെ പോരാട്ടത്തിനിറങ്ങാന്‍ ഭാരത ടീമിന് ഈ ഏഷ്യാകപ്പ് കിരീടം വഴിയൊരുക്കുമെന്നുറപ്പാണ്.
അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയുടെ പേര് മാറ്റി ഭാരത് എന്നാക്കാനൊരുങ്ങുന്നവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ഈ പോസ്റ്റ്.
ജി20 ഉച്ചകോടിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കുന്നതിന് ഡെലിഗേറ്റുകള്‍ക്ക് രാഷ്ട്രപതി ഭവനില്‍ നിന്ന് അയച്ച ക്ഷണക്കത്തില്‍ ‘ഇന്ത്യയുടെ രാഷ്ട്രപതി’ എന്നതിന് പകരം ‘ഭാരതത്തിന്റെ രാഷ്ട്രപതി’ എന്നെഴുതിയത് മുതലാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങിയത്.
Content Highlight: K. Surendran’s post on Facebook is being discussed congratulated the Indian team