| Friday, 10th March 2023, 4:49 pm

ഉടന്‍ ഇടപെടണം; ബ്രഹ്മപുരം വിഷയത്തില്‍ കേന്ദ്രത്തിന് സുരേന്ദ്രന്റെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പഠിക്കാന്‍ വേണ്ടി കേന്ദ്രം വിദഗ്ദ സംഘത്തെ കൊച്ചിയിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന് കത്തയച്ചു.

തീപ്പിടിത്തം ഉണ്ടായി ഒരാഴ്ചയിലധികമായിട്ടും കൊച്ചി കോര്‍പ്പറേഷനും സംസ്ഥാന സര്‍ക്കാരിനും ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നും സുരേന്ദ്രന്‍ കത്തില്‍ കുറ്റപ്പെടുത്തി. ബ്രഹ്മപുരം പ്ലാന്റിന് ആസൂത്രിതമായി തീവെച്ചതാണോയെന്ന സംശയം കൊച്ചിക്കാര്‍ക്കുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

‘ഏത് നിമിഷവും പൊട്ടിത്തെറിക്കുന്ന അഗ്‌നിപര്‍വതത്തിന് പുറത്താണ് കൊച്ചിക്കാര്‍ ജീവിക്കുന്നത്. പ്ലാന്റിന് ആസൂത്രിതമായി തീവെച്ചതാണോയെന്ന സംശയവും ജനങ്ങള്‍ക്കുണ്ട്.

ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യം ഉണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ അതിന് തയ്യാറായിട്ടില്ല. മാലിന്യ നിര്‍മാര്‍ജന കരാറിന്റെ മറവില്‍ വലിയ അഴിമതിയാണ് കൊച്ചി കോര്‍പ്പറേഷനില്‍ നടക്കുന്നത്,’ കെ. സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തില്‍ ഇടത്- കോണ്‍ഗ്രസ് നേതാക്കള്‍ അഴിമതിയുടെ പങ്കുപറ്റിയതിന്റെ ദുരന്തമാണ് കൊച്ചിക്കാര്‍ അനുഭവിക്കുന്നതെന്നും സുരേന്ദ്രന്‍ കത്തില്‍ പറഞ്ഞു.

‘കോണ്‍ഗ്രസ്-സി.പി.ഐ.എം നേതാക്കളുടെ മക്കള്‍ക്കും മരുമക്കള്‍ക്കുമാണ് ഇതിന്റെ കരാര്‍ ലഭിച്ചിരിക്കുന്നത്. ഇരുപാര്‍ട്ടിയിലേയും നേതാക്കള്‍ അഴിമതിയുടെ പങ്കുപറ്റിയതിന്റെ ദുരന്തമാണ് കൊച്ചിക്കാര്‍ അനുഭവിക്കുന്നത്.

കരാറിന് പിന്നിലെ വന്‍ അഴിമതി മറച്ചുവെക്കാന്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍ തീകൊളുത്തിയതെന്നാണ് പൊതുധാരണ. മാലിന്യനിര്‍മാര്‍ജന കരാറിന്റെ മറവില്‍ വലിയ അഴിമതിയാണ് കൊച്ചി കോര്‍പ്പറേഷനില്‍ നടക്കുന്നത്,’ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.


Content Highlight: K. Surendran’s letter 
central government should immediately intervene in the matter related to the fire at the Brahmapuram waste plant

We use cookies to give you the best possible experience. Learn more