തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പഠിക്കാന്‍ വേണ്ടി കേന്ദ്രം വിദഗ്ദ സംഘത്തെ കൊച്ചിയിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന് കത്തയച്ചു.
തീപ്പിടിത്തം ഉണ്ടായി ഒരാഴ്ചയിലധികമായിട്ടും കൊച്ചി കോര്‍പ്പറേഷനും സംസ്ഥാന സര്‍ക്കാരിനും ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നും സുരേന്ദ്രന്‍ കത്തില്‍ കുറ്റപ്പെടുത്തി. ബ്രഹ്മപുരം പ്ലാന്റിന് ആസൂത്രിതമായി തീവെച്ചതാണോയെന്ന സംശയം കൊച്ചിക്കാര്‍ക്കുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
‘ഏത് നിമിഷവും പൊട്ടിത്തെറിക്കുന്ന അഗ്‌നിപര്‍വതത്തിന് പുറത്താണ് കൊച്ചിക്കാര്‍ ജീവിക്കുന്നത്. പ്ലാന്റിന് ആസൂത്രിതമായി തീവെച്ചതാണോയെന്ന സംശയവും ജനങ്ങള്‍ക്കുണ്ട്.
ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യം ഉണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ അതിന് തയ്യാറായിട്ടില്ല. മാലിന്യ നിര്‍മാര്‍ജന കരാറിന്റെ മറവില്‍ വലിയ അഴിമതിയാണ് കൊച്ചി കോര്‍പ്പറേഷനില്‍ നടക്കുന്നത്,’ കെ. സുരേന്ദ്രന്‍ പറഞ്ഞു.