കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ അഭിഭാഷകനും തീവ്ര ഹിന്ദുത്വ പ്രചാരകനുമായ അഡ്വ. കൃഷ്ണരാജിനെതിരെയുള്ളത് കള്ളക്കേസെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. സ്വപ്നാ സുരേഷിന് നിയമപരമായി കോടതികളെ സമീപിക്കാനുള്ള അവകാശം ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
സ്വപ്നക്ക് ബി.ജെ.പി നിയമസഹായം നല്‍കുമെന്ന സൂചനയും സുരേന്ദ്രന്‍ നല്‍കി. സത്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കും കേരളത്തില്‍ അഭിഭാഷകരെ കിട്ടാതെ ബുദ്ധിമുട്ടേണ്ടി വരുമെന്ന് തോന്നുന്നില്ലന്ന് അദ്ദേഹം പറഞ്ഞു.
‘അഡ്വ. കൃഷ്ണരാജിനെതിരെ കള്ളക്കേസെടുത്ത സര്‍ക്കാര്‍ തീരുമാനം നിന്ദ്യവും നീചവുമായ പ്രതികാരനടപടിയാണ്.
ഷാജ് കിരണ്‍ എന്ന ഇടനിലക്കാരന്‍ കൃഷ്ണരാജിനെ പൂട്ടുമെന്ന് പറയുന്ന ഓഡിയോ പുറത്തുവന്ന് ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ അതു സംഭവിച്ചതോടുകൂടി കാര്യങ്ങള്‍ എല്ലാവര്‍ക്കും ബോധ്യമായി. സ്വപ്നാ സുരേഷിന് നിയമപരമായി കോടതികളെ സമീപിക്കാനുള്ള അവകാശം ഇതുവഴി ഇല്ലാതാക്കാമെന്നായിരിക്കും സര്‍ക്കാര്‍ കരുതുന്നത്.
അത് ഒരു പരിഷ്‌കൃത സമൂഹത്തിനും അംഗീകരിക്കാനാവുന്ന കാര്യമല്ല. കൊടും ഭീകരര്‍ക്കുപോലും കോടതികളില്‍ വക്കീലിനെ വെച്ച് വാദിക്കാനുള്ള അവകാശമുള്ള നാടാണിത്. ഏതായാലും സത്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കും കേരളത്തില്‍ അഭിഭാഷകരെ കിട്ടാതെ ബുദ്ധിമുട്ടേണ്ടി വരുമെന്ന് തോന്നുന്നില്ല,’ സുരേന്ദ്രന്‍ പറഞ്ഞു.
കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്കെതിരെ മതവിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തിയതിനാണ് സ്വപ്ന സുരേഷിന്റെ അഭിഭാഷകനും തീവ്ര ഹിന്ദുത്വ പ്രചാരകനുമായ അഡ്വ. കൃഷ്ണരാജിനെതിരെ കേസെടുത്തത്.
എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഡ്വ. അനൂപ് വി.ആറാണ് കൃഷ്ണരാജിനെതിരെ സിറ്റി കമ്മീഷണര്‍ക്ക് ഇ-മെയില്‍ വഴി പരാതി നല്‍കിയത്. ഐ.പി.സി 295 എ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ ഉടനുണ്ടാകുമെന്നാണ് സൂചന. പ്രവാചക നിന്ദയ്ക്ക് എതിരായും ഇയാള്‍ക്കെതിരെ പരാതിയുണ്ട്.