| Thursday, 30th March 2023, 4:44 pm

'കേരളത്തെക്കുറിച്ചുള്ള സുരേന്ദ്രന്റെ ആരോപണം കള്ളമെന്ന് കേന്ദ്രത്തിന്റെ രേഖാമൂലമുള്ള മറുപടി'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദേശീയപാതാ വികസനത്തിന് കേരള സര്‍ക്കാര്‍ പണം നല്‍കിയില്ലെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ആരോപണം കള്ളമെന്ന് കേന്ദ്ര സര്‍ക്കാര്‍ രേഖകള്‍.

ഗോവയും കേരളവും ദേശീയപാതാ വികസനത്തിനായി പണം നല്‍കിയെന്നും നിതിന്‍ ഗഡ്കരി രാജ്യസഭയെ അറിയിച്ചു. സി.പി.ഐ.എം എം.പി. എ.എ.റഹീമന്റെ ചോദ്യത്തിനാണ് ദേശീയപാത വികസന അതോറിറ്റിക്ക് കേരളം ഇതിനോടകം 5,519 കോടി രൂപ നല്‍കിയെന്ന് നിതിന്‍ ഗഡ്കരി അറിയിച്ചത്.

‘കേരളം, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, തമിഴ്‌നാട്, എന്നീ സംസ്ഥാനങ്ങളാണ് ദേശീയ പാത 66ന്റെ ഗുണഭോക്താക്കള്‍. എന്നാല്‍ മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, എന്നീ സംസ്ഥാനങ്ങള്‍ ദേശീയ പാത 66ന്റെ വികസനത്തിന്റെ ചെലവ് വഹിക്കുന്നില്ല. ഗോവയും കേരളവും ഇതിനായി പണം നല്‍കി,’ നിതിന്‍ ഗഡ്കരി അറിയിപ്പില്‍ പറഞ്ഞു.

സുരേന്ദ്രന്റെ വ്യാജമായ ആരോപണത്തെ കേന്ദ്രമന്ത്രി തന്നെ പൊളിച്ചടക്കിയെന്ന് എ.എ. റഹീം എം.പി. വിഷയത്തില്‍ പ്രതികരിച്ചു.

‘പച്ചനുണ പിന്‍വലിച്ച് സുരേന്ദ്രന്‍ മാപ്പുപറയണം. സുരേന്ദ്രന്‍ പറഞ്ഞത് കള്ളമാണെന്നതാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ മറുപടി വ്യക്തമാക്കുന്നത്. യഥാര്‍ത്ഥില്‍ സുരേന്ദ്രന്റെ മറുപടിയെ പൊളിച്ചടുക്കിയത് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ്.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ചോദ്യം ഉന്നയിച്ചിരുന്നു. ആ ചോദ്യത്തിന് ഇന്നലെ രാജ്യസഭയില്‍ നിന്ന് ലഭിച്ച രേഖാമൂലമുള്ള മറുപടിപ്രകാരം 5,519 കോടി രൂപ ഇതിനകം മാത്രം കേരളം അടച്ചുകഴിഞ്ഞെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഭൂമിയുടെ 25 ശതമാനം വില പങ്കിടുന്നതിന് കേരളം സമ്മതിച്ചിട്ടുണ്ട് എന്ന കാര്യവും കേന്ദ്രമന്ത്രി വ്യക്തമാക്കുന്നുണ്ട്,’ എ.എ. റഹീം മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിലെ വികസനം തടയാനുള്ള കെ.സുരേന്ദ്രന്റെ ഗീബല്‍സിയന്‍ തന്ത്രമാണ് ഈ വ്യാജ പ്രചരണമെന്നായിരുന്നു വിഷയത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം.

Content Highlight: K.Surendran’s allegation is false,  Kerala government did not give money for the development of the national highway  Central government documents 

We use cookies to give you the best possible experience. Learn more