ശബരിമല പ്രശ്‌നപരിഹാരമാണ് ലക്ഷ്യമെങ്കില്‍ ഒരു ഓഡിനന്‍സ് ഇറക്കിക്കൂടെ? മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുമ്പില്‍ ഉരുണ്ടുകളിച്ച് കെ. സുരേന്ദ്രന്‍
Sabarimala women entry
ശബരിമല പ്രശ്‌നപരിഹാരമാണ് ലക്ഷ്യമെങ്കില്‍ ഒരു ഓഡിനന്‍സ് ഇറക്കിക്കൂടെ? മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുമ്പില്‍ ഉരുണ്ടുകളിച്ച് കെ. സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th October 2018, 1:25 pm

 

പത്തനംതിട്ട: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചതിനെതിരായ സമരത്തിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത് വര്‍ഗീയ ധ്രുവീകരണമാണെന്ന് വെളിവാക്കി കെ. സുരേന്ദ്രന്റെ വാക്കുകള്‍. പ്രശ്‌നപരിഹാരമല്ല, മറിച്ച് കേരള സര്‍ക്കാര്‍ ഹിന്ദുക്കളെ വേട്ടയാടുകയാണെന്ന ധാരണ സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് സുരേന്ദ്രന്‍ പരോക്ഷമായി തുറന്നുപറയുന്നത്.

കാസര്‍കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ ശബരിമല വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് കെ. സുരേന്ദ്രന്‍ പറഞ്ഞ കാര്യങ്ങളാണ് ബി.ജെ.പിയുടെ ലക്ഷ്യം തുറന്നുകാട്ടുന്നത്. കേന്ദ്രസര്‍ക്കാറിന് ഒരു ഓഡിനന്‍സിലൂടെ പരിഹരിക്കാവുന്ന പ്രശ്‌നമല്ലേയിത്, എന്നിട്ടും എന്തുകൊണ്ടാണ് ബി.ജെ.പി അതിനു ശ്രമിക്കാത്തതെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്നത്.

Also Read:വെള്ളാപ്പള്ളിയും മകനും ശ്രീനാരായണ സമൂഹത്തെ വഞ്ചിക്കുകയാണ്; നിലപാട് അമിത് ഷാ വേദിയിലിരിക്കെ തന്നെ പ്രഖ്യാപിക്കണമായിരുന്നു; തുറന്നടിച്ച് എസ്.എന്‍.ഡി.പിയോഗം മുന്‍ പ്രസിഡന്റ്

ഈ ചോദ്യത്തിനു മുമ്പില്‍ ഉരുണ്ടുകളിക്കുകയാണ് സുരേന്ദ്രന്‍ ചെയ്തത്. സര്‍ക്കാര്‍ ആവശ്യപ്പെടട്ടേയെന്നാണ് ആദ്യം മറുപടി നല്‍കിയത്. വിശ്വാസി സമൂഹത്തിന് ആവശ്യപ്പെടാമല്ലോയെന്ന് ചോദിക്കുമ്പോള്‍ “അതൊക്കെ.. ഞങ്ങള് ചെയ്യേണ്ടതൊക്കെ ഞങ്ങള് ചെയ്‌തോളാം, അതില് നിങ്ങള് വേവലാതിപ്പെടേണ്ട.”യെന്നു പറഞ്ഞ് ഒഴിയാനാണ് നോക്കുന്നത്.

പിന്നീട് ” ഒരു ഓഡിനന്‍സ് കൊണ്ടു പരിഹരിക്കപ്പെടേണ്ടതല്ലേയെന്ന് നിങ്ങള്‍ ചോദിക്കുമ്പോള്‍ ആ ചോദ്യം മുഖ്യമന്ത്രിക്കു പറയാലോ. ഒരു ഓഡിനന്‍സ് ഇറക്കണമെന്ന്. മഅ്ദനിക്കുവേണ്ടിയിട്ട് നിയമസഭ ഒരുമിച്ച് കൂടിയല്ലോ. എത്രകാര്യത്തിന് കൂടി. രണ്ട് സ്വാശ്രയ കോളജ് പൂട്ടിച്ചപ്പോള്‍ നിയമസഭ കൂടിയല്ലോ, പ്രത്യേക സമ്മേളനം വിളിച്ചല്ലോ. വിളിക്ക്, അപ്പോള്‍ ഞങ്ങള് പറയാം. ” എന്നും പറയുന്നു.

Also Read:ശബരിമല: അറസ്റ്റിലായവരെ പുഷ്പം പോലെ പുറത്തിറക്കും; സര്‍ക്കാറിനെ വെല്ലുവിളിച്ച് കെ. സുരേന്ദ്രന്‍

മഅ്‌നിയുടെ വിഷയം എടുത്തുപറയുന്നത് വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടല്ലേയെന്ന അര്‍ത്ഥത്തില്‍ ചോദ്യമുയര്‍ന്നപ്പോള്‍ “”മഅ്ദനിക്കുവേണ്ടി നിയമസഭ കൂടിയവര്‍ക്ക് അയ്യപ്പ സ്വാമിക്കുവേണ്ടി ഒരക്ഷരം മിണ്ടാന്‍ സമയമില്ല.” എന്നാണ് സുരേന്ദ്രന്റെ പ്രതികരണം.

പിന്നീട് ശബരിമല വിധിയ്‌ക്കെതിരെയല്ല, സര്‍ക്കാറിന്റെ ഹിന്ദുവേട്ടയ്ക്ക് എതിരായിട്ടുള്ള സമരമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നുമുണ്ട്. “സര്‍ക്കാറിന്റെ നിലപാടുകൊണ്ടാണിതെല്ലാമുണ്ടായത്. അതുതന്നെയാണ് ഞങ്ങളുടെ കാമ്പെയ്‌നും.” എന്നാണ് സുരേന്ദ്രന്‍ ആദ്യം പറയുന്നത്.

പ്രശ്‌നപരിഹാരമാണ് ലക്ഷ്യമെങ്കില്‍ ഓഡിനന്‍സ് ഇറക്കിക്കൂടേയെന്ന് വീണ്ടും ചോദ്യമുയര്‍ന്നു. അപ്പോഴാണ് “ഞങ്ങള് സമരത്തിലാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ്. കേരള സര്‍ക്കാറിന്റെ ഹിന്ദുവേട്ടയ്ക്ക് എതിരായിട്ടുള്ള വലിയ മുന്നേറ്റമാണ് ഞങ്ങള്‍ നടത്തുന്നത്. ” എന്നു പറഞ്ഞ് ലക്ഷ്യം വര്‍ഗീയ ധ്രുവീകരണമാണെന്ന് സുരേന്ദ്രന്‍ പറയാതെ പറഞ്ഞത്.