ലീഗുമായി ബി.ജെ.പിക്കോ എന്‍.ഡി.എയ്‌ക്കോ ഒരു ബന്ധവുമുണ്ടാകില്ല; ശോഭയെ തള്ളി കെ. സുരേന്ദ്രന്‍
Kerala
ലീഗുമായി ബി.ജെ.പിക്കോ എന്‍.ഡി.എയ്‌ക്കോ ഒരു ബന്ധവുമുണ്ടാകില്ല; ശോഭയെ തള്ളി കെ. സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th February 2021, 3:28 pm

കോഴിക്കോട്: ക്രൈസ്തവ, മുസ്‌ലിം സമുദായത്തോട് ബി.ജെ.പിക്ക് യാതൊരു വിരോധവുമില്ലെന്നും മുസ്‌ലിം ലീഗിനെയുള്‍പ്പെടെയുള്ള പാര്‍ട്ടികളെ എന്‍.ഡി.എയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നുമുള്ള ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്റെ പ്രസ്താവനയെ തള്ളി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

മുസ്‌ലിം ലീഗുമായും സി.പി.ഐ.എമ്മുമായും ബി.ജെ.പിക്കോ എന്‍.ഡി.എയ്‌ക്കോ ഒരു ബന്ധവുമുണ്ടാകില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ആ പാര്‍ട്ടികളുമായുള്ള ബന്ധം ഉപേക്ഷിച്ച് ബി.ജെ.പിയിലേക്ക് വരാമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

നേരെത്തെ മുസ്ലിം ലീഗിനെ എന്‍.ഡി.എ സംഖ്യ കക്ഷിയിലേക്ക് ശോഭാ സുരേന്ദ്രന്‍ സ്വാഗതം ചെയ്തിരുന്നു. ക്രൈസ്തവ, മുസ്ലിം സമുദായത്തോട് ബി.ജെ.പിക്ക് യാതൊരു വിരോധവുമില്ലെന്നും മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ എന്‍.ഡി.എയിലേക്ക് സ്വാഗതം ചെയ്യുന്നെന്നുമായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം. ഇതാണ് സംസ്ഥാന അധ്യക്ഷന്‍ തളളിയത്.

‘മുസ്‌ലിം ലീഗിനോട് സി.പി.ഐ.എമ്മിന് മൃദു സമീപനമാണ്. കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ട പരിഗണന മുസ്‌ലിം ലീഗ് നല്‍കുന്നില്ല. യു.ഡി.എഫില്‍ മുസ്‌ലിം ലീഗ് കൂടുതല്‍ സീറ്റുകള്‍ സമ്മര്‍ദ്ദത്തിലൂടെ നേടാന്‍ ശ്രമിക്കുകയാണ്. ഇതുവരെ കിട്ടിയ ഒരു സീറ്റു പോലും ലീഗ് വിട്ടുകൊടുത്തിട്ടില്ല’. ഇതൊന്നും യു.ഡി.എഫിലെ ആഭ്യന്തര പ്രശ്‌നം മാത്രമായി കാണാനാവില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു

മുസ്‌ലിം ലീഗ് ഒരു വര്‍ഗീയ പാര്‍ട്ടിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും എന്നാല്‍ മുസ്‌ലിം ലീഗ് ദേശീയധാര അംഗീകരിച്ച് എന്‍.ഡി.എയോടൊപ്പം വരാന്‍ തയ്യാറായാല്‍ സ്വീകരിക്കുമെന്നുമായിരുന്നു ശോഭ പറഞ്ഞത്. കശ്മീരില്‍ ബി.ജെ.പി. അവിടുത്തെ പി.ഡി.പിയുമായി സഖ്യമുണ്ടാക്കിയിട്ടുണ്ടെന്നും ശോഭ പറഞ്ഞിരുന്നു.

ലീഗ് പുനര്‍ചിന്തനത്തിന് തയ്യാറായാല്‍ അത് മുസ്‌ലിം സമൂഹത്തിനും ലീഗ് നേതൃത്വത്തിനും ഗുണകരമാണ്. എല്ലാവരെയും ദേശീയധാരയിലേക്ക് കൊണ്ടുവരുകയെന്നതാണ് ബി.ജെ.പിയുടെ ശ്രമം. അപ്പോള്‍ ലീഗ് വരാന്‍ തയ്യാറായാല്‍ അവര്‍ ദേശീയത ഉള്‍ക്കൊണ്ടുകൊണ്ടാവുമല്ലോ വരികയെന്നായിരുന്നു ശോഭയുടെ ചോദ്യം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ