കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ആര്‍.എസ്.എസ് അനുകൂല പ്രസ്താവനകളോട് പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കഴിഞ്ഞ ദിവസമായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റുവിനെ ആര്‍.എസ്.എസിനോട് സന്ധി ചെയ്ത നേതാവെന്ന നിലയില്‍ ചിത്രീകരിച്ചുകൊണ്ട് സുധാകരന്‍ സംസാരിച്ചത്.
സുധാകരന്റെ വാക്കുകള്‍ കോണ്‍ഗ്രസിലെ ഓരോ നേതാക്കളുടെയും മനസാണ് കാണിക്കുന്നതെന്നാണ് സുരേന്ദ്രന്‍ ഇതേ കുറിച്ച് പറഞ്ഞത്. ലീഗില്‍ നിന്നും വലിയ ഭീഷണികളാണ് കോണ്‍ഗ്രസിനുള്ളിലെ ഭൂരിപക്ഷ സമുദായക്കാര്‍ നേരിടുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
‘കെ. സുധാകരന്റെ മനസ് ബി.ജെ.പിക്കൊപ്പമാണെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹത്തിന്റെ രണ്ട് മൂന്ന് പ്രസ്താവനകള്‍ കാണുമ്പോള്‍ കോണ്‍ഗ്രസിലാണ് ഇപ്പോള്‍ ഉള്ളതെങ്കിലും മനസ് ബി.ജെ.പിക്ക് ഒപ്പമാണെന്ന് തന്നെയാണ് മനസിലാകുന്നത്.
കോണ്‍ഗ്രസിലെ നേതാക്കളുടെ മനസിലുള്ള അരക്ഷിതബോധമാണ് യഥാര്‍ത്ഥത്തില്‍ സുധാകരന്റെ പ്രസ്താവനയിലൂടെ പുറത്തുവരുന്നത്. കോണ്‍ഗ്രസില്‍ ഇനി എത്ര നാള്‍ പിടിച്ചുനില്‍ക്കാനാകുമെന്ന ആശങ്കയിലാണ് അവര്‍.
ഇന്നലെ തന്നെ സുധാകരന്റെ പ്രസ്താവനക്കെതിരെ ലീഗുകാരാണ് രംഗത്തുവന്നിരിക്കുന്നത്. ഇങ്ങനെയൊരു ഗതികേട് വേറെ ഏതെങ്കിലുമൊരു പാര്‍ട്ടിക്കുണ്ടോ. കോണ്‍ഗ്രസ് നേതാക്കള്‍ എന്ത് പറയണമെന്ന് തീരുമാനിക്കുന്നത് ലീഗുകാരണോ. ലീഗ് പറയുന്നതിനനുസരിച്ചേ കോണ്‍ഗ്രസിന് പ്രവര്‍ത്തിക്കാനാകൂ എന്ന് വന്നാല്‍ അത് ആത്മഹത്യാപരമല്ലേ.
കോണ്‍ഗ്രസിലെ ഭൂരിപക്ഷ സമുദായത്തില്‍ പെട്ടവര്‍ക്കെല്ലാം ഈ ഭീഷണിയുണ്ട്. ലീഗിന്റെ അപ്രമാദിത്വമാണ് യു.ഡി.എഫില്‍ നടക്കുന്നത്. സുധാകരന്റെ പേര് പറഞ്ഞ് ഇടതുമുന്നണിയിലേക്ക് ചാടാന്‍ വഴിയുണ്ടോയെന്നാണ് കുഞ്ഞാലിക്കുട്ടിയും ലീഗും നോക്കുന്നത്. അതാണ് ലീഗിന്റെ പ്രസ്താവനക്ക് പിന്നിലുള്ളത്.
അല്ലെങ്കില്‍ സുധാകരന്റെ പ്രസ്താവനയെ കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യമായി കണക്കാക്കേണ്ട കാര്യമല്ലേയുള്ളു. പിണറായി വിജയനും ബി.ജെ.പിക്കും വിമര്‍ശിക്കാം, പക്ഷെ മുന്നണിക്കകത്തുള്ള ലീഗ് എന്തിനാണ് വിമര്‍ശിക്കുന്നത്. സുധാകരന്‍ ആര്‍.എസ്.എസ് അനുഭാവം പ്രകടിപ്പിക്കുന്നുവെന്ന് പറഞ്ഞ് എളുപ്പത്തില്‍ എല്‍.ഡി.എഫിലേക്ക് ചാടാനുള്ള വഴി നോക്കുകയാണ്,’ സുരേന്ദ്രന്‍ പറഞ്ഞു.
ആര്‍.എസ്.എസിന് പോലും അവസരം കൊടുത്ത വിശാല ജനാധിപത്യ ബോധമാണ് ജവഹര്‍ലാല്‍ നെഹ്റുവിന്റേതെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ വിവാദ പ്രസ്താവന. പാര്‍ലമെന്റില്‍ ആര്‍.എസ്.എസ്- സി.പി.ഐ.എം നേതാക്കള്‍ക്ക് അവസരം നല്‍കിയ ജനാധിപത്യ വാദിയാണ് നെഹ്റുവെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞിരുന്നു. കണ്ണൂര്‍ ഡി.സി.സി സംഘടിപ്പിച്ച നവോത്ഥാന സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീയ ഫാസിസ്റ്റുകളുമായി സന്ധി ചെയ്യാന്‍ പോലും നെഹ്റു തയ്യാറായി, അംബേദ്കറെയും ശ്യാമപ്രസാദ് മുഖര്‍ജിയെയും ആദ്യ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി, അംഗബലം ഇല്ലാതിരുന്നിട്ട് പോലും എ.കെ.ജിക്ക് പ്രതിപക്ഷ നേതാവിന്റെ പദവി നല്‍കിയതും ഈ ജനാധിപത്യ നിലപാടിന്റെ ഭാഗമായിരുന്നെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
സുധാകരന്റെ വാക്കുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ലീഗ് ഉയര്‍ത്തിയത്. മുന്നണിക്ക് നിരക്കാത്ത അഭിപ്രായം പൊതുവേദിയില്‍ പറയുന്നത് ശരിയല്ലെന്നാണ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞത്.
സുധാകരന്റെ പ്രസ്താവന ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കണമെന്നും നേതൃത്വത്തില്‍ ആരുവേണമെന്ന കാര്യം ആലോചിക്കണമെന്നും അദ്ദേഹം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു.
മുസ്‌ലിം ലീഗിന്റെ അതൃപ്തി യു.ഡി.എഫിനെ അറിയിച്ചിട്ടുണ്ടെന്നും ആരെങ്കിലും എന്തെങ്കിലും പറഞ്ഞതിന്റെ പേരില്‍ ലീഗ് മുന്നണി വിടേണ്ട സാഹചര്യമില്ലെന്നുമായിരുന്നു ലീഗ് ഉന്നതാധികാര സമിതി അംഗം എം.കെ. മുനീര്‍ പ്രതികരിച്ചത്.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പ്രസ്താവനകള്‍ക്ക് പിന്നാലെ കോണ്‍ഗ്രസിനുള്ളിലും അസ്വാരസ്യങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് അംഗമായ എച്ച്. നജീം പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചുകൊണ്ടാണ് സംഭവത്തില്‍ പ്രതികരിച്ചത്.
കേരളത്തില്‍ കെ. സുധാകരന്‍ പാര്‍ട്ടിയെ നയിക്കുമ്പോള്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു നജീം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്.
Content Highlight: K Surendran responds to Sudhakaran’s pro RSS statements