തിരുവനന്തപുരം: പാലക്കാട് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അപകടകരമായ നിലയിലേക്കാണ് കേരളത്തിന്റെ ക്രമസമാധാനനില പോകുന്നതെന്നും ഇത് വെച്ചുപൊറുപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഡി.പി.ഐ ക്രിമിനല്‍ സംഘത്തെ സി.പി.ഐ.എമ്മും സര്‍ക്കാരും പൊലീസും സഹായിക്കുന്നത് കൊണ്ടാണ് അടിക്കടി ഇത്തരത്തിലുള്ള
കൊലപാതകം കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാരിനുള്ളത്. വര്‍ഗീയ ശക്തികളുമായി ചങ്ങാത്തത്തിലാണ് സി.പി.ഐ.എമ്മും സര്‍ക്കാരും. കേരളത്തിലെ പല തദ്ദേശ സ്ഥാപനങ്ങളിലും സി.പി.ഐ.എം, എസ്.എഡി.പി.ഐയുമായി ഭരണെം പങ്കിടുന്നതുകൊണ്ടാണ് കൊലപാതകികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
10 ദിവസത്തിനിടെ രണ്ടാമത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകനെയാണ് എസ്.ഡി.പി.ഐ കൊലപ്പെടുത്തിയിരിക്കുന്നത്. തൃശൂര്‍ ചാവക്കാടും ഒരു പ്രവര്‍ത്തകനെ കൊലപ്പെടുത്തിയിരുന്നു. ആ കേസില്‍ എസ്.ഡി.പി.ഐയുടെ പേര് പോലും പൊലീസ് പറഞ്ഞിരുന്നില്ല. അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്. സര്‍ക്കാരിന്റെയും പൊലീസിന്റെയും വീഴ്ചയാണ് അടിക്കിടെയുണ്ടാകുന്ന രാഷ്ട്രീയ കൊലപാതകത്തിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.