| Wednesday, 20th September 2023, 8:57 pm

സ്വന്തം മക്കളായാല്‍പോലും അവര്‍ അന്യരെ സ്പര്‍ശിക്കാറില്ല, പാവങ്ങളായ പൂജാരിമാരെ ഉപദ്രവിക്കരുതെന്ന് സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മന്ത്രി കെ. രാധാകൃഷ്ണന് നേരിട്ട ജാതി വിവാദത്തില്‍ പൂജാരിമാരെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ക്ഷേത്രത്തിലെ പൂജാരിമാര്‍ എല്ലാവരോടും ഇങ്ങനെ തന്നെയാണെന്നും സ്വന്തം മക്കളായാല്‍പോലും അവര്‍ അന്യരെ സ്പര്‍ശിക്കാറില്ലെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ സുരേന്ദ്രന്‍ പറഞ്ഞു. പൂജാരിമാര്‍ക്ക് അയിത്തമില്ലെന്നും അവര്‍ വെറും പാവങ്ങളാണെന്നും അവരെ ഉപദ്രവിക്കരുതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

‘പ്രിയപ്പെട്ട രാധാകൃഷ്ണന്‍ ജി അങ്ങേക്ക് ഒരു തരത്തിലുള്ള അപകര്‍ഷതാബോധവും ഉണ്ടാവേണ്ട കാര്യമില്ല. ഭാരതത്തില്‍ ബ്രാഹ്മണര്‍ ജനസംഖ്യയില്‍ ഒരു മൈക്രോസ്‌കോപ്പിക് മൈനോറിറ്റി മാത്രമാണ്.

സവര്‍ണരെന്ന് വിളിക്കുന്നവര്‍ അവര്‍ണ്ണരെ അപേക്ഷിച്ച് എണ്ണത്തില്‍ വളരെ വളരെ കുറവാണ് നമ്മുടെ രാജ്യത്ത്. ക്ഷേത്രത്തിലെ പൂജാരിമാര്‍ എല്ലാവരോടും ഇങ്ങനെ തന്നെയാണ്. സ്വന്തം മക്കളായാല്‍പോലും അവര്‍ അന്യരെ സ്പര്‍ശിക്കാറില്ല. അതിനു കാരണം അവര്‍ പൂജിക്കുന്ന ദേവനോടുള്ള അന്ധമായ വിശ്വാസമാണ്. ഒരു തരിമ്പുപോലും ഇഷ്ടദേവനെ മലിനമാക്കരുതെന്ന സ്വയംബോധം.

സകല ചരാചരങ്ങളിലും കുടികൊള്ളുന്ന ആത്മചൈതന്യം ഒന്നുതന്നെയാണെന്ന ഉപനിഷദ് വാക്യമൊന്നും സാധാരണ ഭക്തര്‍ക്കു മനസ്സിലാവില്ലെന്നറിഞ്ഞുതന്നെയാണ് അമ്പലത്തിലെ പൂജാരിമാര്‍ ഇതെല്ലാം ആചരിക്കുന്നത്. അവര്‍ക്കാര്‍ക്കും അയിത്തമില്ല. വെറും പാവങ്ങള്‍. അവരെ ഉപദ്രവിക്കരുത്. ഈശ്വരന് അയിത്തമില്ലെന്ന് ഭക്തന്മാര്‍ക്കെല്ലാവര്‍ക്കും ബുദ്ധി ഉദിക്കുന്ന കാലം വരെ കാത്തിരിക്കുകയല്ലാതെ നിര്‍വ്വാഹമില്ലെന്ന് അങ്ങും മനസ്സിലാക്കണം,’ കെ. സുരേന്ദ്രന്‍ പറഞ്ഞു.

കോട്ടയത്ത് ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് താന്‍ നേരിട്ട ജാതി വിവേചനത്തെ കുറിച്ച് മന്ത്രി തുറന്നുപറഞ്ഞത്. ജനുവരിയില്‍ കണ്ണൂര്‍ പയ്യന്നൂരിലെ നമ്പ്യാത്ര കൊവ്വല്‍ ക്ഷേത്രത്തില്‍ ഒരു പരിപാടിയുടെ ഉദ്ഘാടനത്തിന് പോയപ്പോള്‍ പൂജാരിമാര്‍ കത്തിച്ച വിളക്ക് തനിക്ക് തരാതെ നിലത്തുവച്ചെന്നും താന്‍ അതെടുക്കാതെ ആ വേദിയില്‍വെച്ചുതന്നെ ആ പ്രവൃത്തിക്കെതിരെ പ്രതികരിച്ചുവെന്നുമാണ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞത്.

Content Highlight:  K. Surendran responds on caste controversy faced Minister  by K. Radhakrishnan

We use cookies to give you the best possible experience. Learn more