തിരുവനന്തപുരം: വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പാലക്കാട് നിയമസഭാ ഉപ തെരഞ്ഞെടുപ്പില്‍ അളിയന്‍ റോബര്‍ട്ട് വാദ്രയെ കൂടെ മത്സരിപ്പിക്കണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
വയനാട് എന്റെ കുടുംബമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതിന്റെ പൊരുള്‍ എന്താണെന്ന് മലയാളികള്‍ക്ക് ഇപ്പോഴാണ് മനസിലായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘വയനാട് എന്റെ കുടുംബം എന്ന് പറഞ്ഞാല്‍ എന്റെ സഹോദരിയെ ഇവിടെ മത്സരിപ്പിക്കാം. 2019ലെയും 2024ലെയും ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ച് പറഞ്ഞത് വയനാട് എന്റെ കുടുംബമാണെന്നാണ്. അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് പ്രിയങ്ക ഗാന്ധിയെ വയനാട്ടില്‍ കൊണ്ടുവന്നപ്പോള്‍ മനസിലായി.
പാലക്കാട് രാഹുലിന്റെ അളിയന്‍ റോബര്‍ട്ട് വാദ്രയെ കൂടി മത്സരിപ്പിച്ചാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തൃപ്തിയാകും. കുടുംബാധിപത്യമുള്ള, ഒരു കുടുംബത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി ഭൂലോകത്ത് വേറെ ഉണ്ടാകില്ല,’ കെ. സുരേന്ദ്രന്‍ പറഞ്ഞു.
രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്തിയതിലുള്ള വിമർശനങ്ങളിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മറുപടി നൽകിയിരുന്നു. ഇന്ത്യയില്‍ ആദ്യമായിട്ടല്ല ഒരു നേതാവ് രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.
നരേന്ദ്ര മോദിയടക്കം ഇന്ത്യയിലെ പല നേതാക്കളും രണ്ടിടത്ത് മത്സരിച്ചിട്ടുണ്ട്. ഉത്തരേന്ത്യയില്‍ മത്സരിക്കാതെ ദക്ഷിണേന്ത്യയില്‍ മാത്രം മത്സരിക്കുന്നു എന്നായിരുന്നു നേരത്തെ ഇവരുടെ ആരോപണം. അവരാണ് ഇപ്പോള്‍ ഉത്തരേന്ത്യയില്‍ മത്സരിച്ചതിനെ പരിഹസിക്കുന്നതെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു. ഉത്തരേന്ത്യയില്‍ നിന്ന് പ്രധാനമന്ത്രി വിജയിച്ചതിനേക്കാള്‍ ഇരട്ടി ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി റായ്ബറേലിയിൽ വിജയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത് ആദ്യമായാണ് പ്രിയങ്ക തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഭാവി രാഷ്ട്രീയത്തിന് നല്ലത് ഉത്തര്‍പ്രദേശിലെ മണ്ഡലമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റായ്ബറേലി നിലനിർത്താൻ രാഹുൽ ഗാന്ധി തീരുമാനിച്ചത്. ദുഃഖത്തോടെയാണ് വയനാട്ടില്‍ രാജി നല്‍കാന്‍ രാഹുല്‍ തീരുമാനിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാര്‍ഗെ പറഞ്ഞു.
രാഹുല്‍ ഗാന്ധി ഒഴിയുകയാണെങ്കില്‍ പ്രിയങ്ക ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം കേരളത്തിലെ നേതാക്കള്‍ എ.ഐ.സി.സിയെ അറിയിച്ചിരുന്നു. വയനാട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും വോട്ടര്‍മാരും ഇതേ ആവശ്യം മുന്നോട്ടുവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് തീരുമാനം.
Content Highlight: K Surendran responds in priyanka gandhi wayanad candidateship