തന്നെ വലിച്ചിഴച്ച് മര്‍ദ്ദിച്ചെന്ന് മജിസ്‌ട്രേറ്റിനു മുന്നില്‍ സുരേന്ദ്രന്‍; വൈദ്യപരിശോധന റിപ്പോര്‍ട്ട് കാണിച്ച് സുരേന്ദ്രന്റെ വാദം പൊളിച്ച് പൊലീസ്
Sabarimala women entry
തന്നെ വലിച്ചിഴച്ച് മര്‍ദ്ദിച്ചെന്ന് മജിസ്‌ട്രേറ്റിനു മുന്നില്‍ സുരേന്ദ്രന്‍; വൈദ്യപരിശോധന റിപ്പോര്‍ട്ട് കാണിച്ച് സുരേന്ദ്രന്റെ വാദം പൊളിച്ച് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th November 2018, 9:17 am

പത്തനംതിട്ട: വിലക്ക് ലംഘിച്ച് സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ പൊലീസ് മര്‍ദിച്ചതായി പരാതി. തന്നെ പൊലീസ് നിലത്തിട്ട് വലിച്ചിഴച്ചു മര്‍ദ്ദിച്ചെന്നും മരുന്ന് കഴിക്കാന്‍ പോലും അനുവദിച്ചില്ലെന്നും മജിസ്‌ട്രേറ്റിനു മുന്നില്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ വൈദ്യപരിശോധ റിപ്പോര്‍ട്ട് കാണിച്ചാണ് കോടതിയില്‍ പൊലീസ് സുരേന്ദ്രന്റെ വാദം പൊളിച്ചത്.

വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയതിന് ശേഷമാണ് സുരേന്ദ്രനെ മജിസ്‌ട്രേറ്റിനു മുന്നില്‍ പൊലീസ് ഹാജരാക്കിയത്. ഇരുവരുടേയും വാദം കേട്ടതിന് ശേഷമാണ് പത്തനംതിട്ട ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തത്.

Read Also : സര്‍ക്കാര്‍ സഹായത്തോടെ നിര്‍മ്മിച്ച ശബരിമല താത്കാലിക ഇടത്താവളം ഉദ്ഘാടനം ചെയ്തത് കെ.പി ശശികല

ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് സുരേന്ദ്രനെതിരെ കേസെടുത്തിരിക്കുന്നത്. അന്യായമായി സംഘം ചേരുക, പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുക ക്രമസമാധാനം തകര്‍ക്കുക തുടങ്ങിയ വകുപ്പുകളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. കസ്റ്റഡിയില്‍ വെച്ച് തന്നെ പൊലീസ് മര്‍ദ്ദിച്ചെന്നായിരുന്നു സുരേന്ദ്രന്‍ ആരോപിച്ചത്. എന്നാല്‍, വൈദ്യപരിശോധനയില്‍ സുരേന്ദ്രന് കാര്യമായ കുഴപ്പങ്ങളില്ലെന്ന് തെളിയുകയായിരുന്നു.

പ്രഥമിക ആവിശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ അനുവദിക്കാത്ത പൊലീസ്, തനിക്ക് കുടിവെള്ളം പോലും തന്നില്ലെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം പൊലീസ് നിഷേധിച്ചു.

സുരേന്ദ്രനെയും ബി.ജെ.പി നേതാവ് നാഗേഷ് അടക്കം മുന്ന് പേരെയും നിലക്കലില്‍വെച്ചാണ് സുരക്ഷാ ചുമതലയുള്ള എസ്.പി യതീശ് ചന്ദ്രയുടെ നേതൃത്വത്തില്‍ ശനിയാഴ്ച അറസ്റ്റ് ചെയ്തത്. സുരക്ഷാ നിയമങ്ങള്‍ അനുസരിക്കാതെ സന്നിധാനത്തേക്ക് പോകാന്‍ ശ്രമിക്കുകയും ക്രമസമാധാനനില തകരാറിലാകാന്‍ സാധ്യതയുള്ളതിനാലും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് പൊലീസ് നടപടി.

സുരേന്ദ്രന്‍ ഉള്‍പ്പെടെ മൂന്ന് ബി.ജെ.പി നേതാക്കളെയാണ് പത്തനംതിട്ട മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയത്. മൂന്നുപേരെയും പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഒ.ബി.സി മോര്‍ച്ച തൃശൂര്‍ ജില്ലാ പ്രസിഡന്റ് രാജന്‍ തറയില്‍, കര്‍ഷകമോര്‍ച്ച പത്തനംതിട്ട ജില്ലാക്കമ്മിറ്റി അംഗം എം.എസ്. സന്തോഷ് എന്നിവരാണ് സുരേന്ദ്രനൊപ്പം ഇന്നലെ അറസ്റ്റിലായത്.