| Thursday, 13th April 2023, 7:02 pm

ഇടതു സര്‍ക്കാരിന്റെ ഫാസിസം ക്രൈസ്തവ വിശ്വാസികള്‍ അംഗീകരിക്കില്ല: കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ജെ.പി അനുകൂല പ്രസ്താവന നടത്തിയ ക്രിസ്ത്യന്‍ സഭ അധ്യക്ഷന്‍മാരെ രൂക്ഷമായി വിമര്‍ശിച്ച സി.പി.ഐ.എം നിലപാടില്‍ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പാര്‍ട്ടി പത്രത്തിന്റെ മുഖപ്രസംഗത്തില്‍ മത പുരോഹിതന്‍മാരെ വിമര്‍ശിച്ച നടപടി അപലപനീയമാണെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

ക്രിസ്ത്യന്‍ സഭകളെ അവഹേളിക്കുന്ന നടപടി സി.പി.ഐ.എം അവസാനിപ്പിക്കണമെന്നും അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തി മതപുരോഹിതന്‍മാരെ പിന്തിരിപ്പിക്കാമെന്നത് ഇടതുപക്ഷത്തിന്റെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റ ദുര്‍ഭരണത്തിനും വര്‍ഗീയ പ്രീണനത്തിനുമെതിരെ ക്രിസ്ത്യന്‍ വിശ്വാസികള്‍ പ്രതികരിക്കുന്നത് സി.പി.ഐ.എമ്മിനെ അസ്വസ്ഥരാക്കിയെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. സി.പി.ഐ.എമ്മിന്റെ ഫാസിസം കേരളത്തിലെ ക്രൈസ്തവ വിശ്വാസികള്‍ അംഗീകരിക്കില്ലെന്നും ബി.ജെ.പി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിയെയും നരേന്ദ്ര മോദിയെയും പിന്തുണച്ച് പ്രസ്താവനയിറക്കിയ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെയും, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെയും രൂക്ഷമായ ഭാഷയില്‍ സി.പി.ഐ.എം വിമര്‍ശിച്ചിരുന്നു.

പാര്‍ട്ടി മുഖപത്രമായ പീപ്പിള്‍ ഡെമോക്രസിയിലെ ലേഖനത്തില്‍ സഭാധ്യക്ഷന്‍മാര്‍ ബി.ജെ.പിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പ്രസ്താവനയിറക്കിയതെന്ന് കുറ്റപ്പെടുത്തിയിരുന്നു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെയും തലശ്ശേരി ബിഷപ്പിനെയും പേരെടുത്ത് വിമര്‍ശിച്ചാണ് ലേഖനമെഴുതിയത്.

കൂടാതെ ക്രിമിനല്‍ കേസിലടക്കം ആരോപണം നേരിട്ടയാളാണ് കര്‍ദിനാളെന്നും അദ്ദേഹമാണിപ്പോള്‍ മോദിയെ പുകഴ്ത്തിയതെന്നും സി.പി.ഐ.എം കുറ്റപ്പെടുത്തിയിരുന്നു. 2014ല്‍ മോദി അധികാരത്തില്‍ എത്തിയതിന് ശേഷം രാജ്യത്തുടനീളം ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്നും ഇതെല്ലാം വിസ്മരിച്ച് കൊണ്ടുള്ള മതപുരോഹിതന്മാരുടെ സംഘപരിവാര അനുകൂല പരാമര്‍ശങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു.

കേരളത്തിലടക്കം ക്രിസ്ത്യന്‍ പ്രീണനത്തിന് നരേന്ദ്ര മോദി ആഹ്വാനം ചെയ്തിട്ടുണ്ടെന്നും അതാണിപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നതെന്നും ലേഖനത്തിലുണ്ട്. ഇതിനെതിരെയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം.

Content Highlight: K surendran react to cpim prasthavana

We use cookies to give you the best possible experience. Learn more