ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ അടിത്തറയില്‍ ഒരു വിള്ളലുമുണ്ടായിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിക്ക് ഒരു സീറ്റ് പോയി, അതിനെ കുറിച്ച് ആവശ്യമായ നടപടികള്‍ എടുക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സി.പി.ഐ.എമ്മിനെതിരെയും കെ.സുരേന്ദ്രന്‍ വിമര്‍ശനവുമായി രംഗത്ത് എത്തി.
ആഫ്റ്റര്‍ നെഹ്റു ഇ.എം.എസ് എന്നല്ലേ സി.പി.ഐ.എം പറഞ്ഞത്. ഇപ്പോള്‍ എവിടെയെത്തി. എത്ര സീറ്റുണ്ട് ലോക്സഭയില്‍? അതുകൊണ്ട് ആ വര്‍ത്തമാനത്തിലൊന്നും കാര്യമില്ല. ബംഗാളില്‍ ഒരു സീറ്റു പോലും സി.പി.ഐ.എമ്മിന് കിട്ടിയില്ല.
ഒറ്റയൊരു സീറ്റ് നിങ്ങള്‍ക്കുണ്ടായിരുന്നില്ല. 35 കൊല്ലം നിങ്ങള്‍ ഭരിച്ച സംസ്ഥാനമാണ്. നിങ്ങളുടെ പാര്‍ട്ടി അവിടെ വട്ടപ്പൂജ്യമായി. സീതാറാം യെച്ചൂരിക്ക് ഒരു വേവലാതിയുമില്ലേ?’ എന്നും കെ. സുരേന്ദ്രന്‍ ചോദിച്ചു.
മഞ്ചേശ്വരത്ത് കെ.സുന്ദരയ്ക്ക് കാശ് കൊടുത്ത സംഭവത്തെ കുറിച്ചുള്ള ചോദ്യത്തിന് നിങ്ങള് കാശു കൊടുത്ത് ആരുടെയെങ്കിലും മൊഴിയുണ്ടാക്കുന്നതിന് ഞാനെന്തു ചെയ്യാനാ എന്നായിരുന്നു സുരേന്ദ്രന്റെ മറുപടി.
നേരത്തെ ജെ.ആര്‍.പി. ട്രഷറര്‍ പ്രസീതയുമായുള്ള സംഭാഷണത്തിന്റെ ഓഡിയോയില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസ് വ്യക്തിവിരോധം തീര്‍ക്കുകയാണെനന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.
പ്രസീത അഴീക്കോടും സുരേന്ദ്രനും തമ്മില്‍ സംസാരിച്ചെന്ന് കരുതുന്ന ശബ്ദരേഖ പുറത്തുവന്നതോടെയാണ് സുരേന്ദ്രന്‍ നിയമനടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്ത് എത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് വ്യക്തിവിരോധം തീര്‍ക്കുകയാണ്. ഓഡിയോ ക്ളിപ്പുകളില്‍ കൃത്രിമം കാണിച്ച് കള്ളപ്രചാരണം നടത്തുന്നതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. മറ്റുള്ള ചാനലുകളിലെ സി.പി.ഐ.എം. പ്രവര്‍ത്തകരെയും ഇതിന് കൂട്ടുപിടിക്കുകയാണെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
സി.കെ. ജാനുവിന്റെ എന്‍.ഡി.എ. പ്രവേശനവുമായി ബന്ധപ്പെട്ട് ജാനുവിന് പ്രസീതയുടെ മധ്യസ്ഥതയില്‍ 10 ലക്ഷം രൂപ സുരേന്ദ്രന്‍ നല്‍കിയതായി ആരോപണം ഉയര്‍ന്നിരുന്നു. താന്‍ കാശ് നല്‍കുന്ന വിവരം പി.കെ. കൃഷ്ണദാസ് അറിയരുതെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
K Surendran press meet in delhi about BJP and controversy