തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-യു.ഡി.എഫുമായി വോട്ട് കച്ചവടം നടത്തിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വോട്ട് കച്ചവടം നടത്തിയെന്ന മുഖ്യമന്ത്രിയുടെ ആരോപണം ബാലിശമാണെന്ന് സുരേന്ദ്രന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
2019 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ വോട്ട് ശതമാനത്തില്‍ എട്ട് ശതമാനത്തിന്റെ കുറവ് വന്നിരുന്നുവല്ലോയെന്നും ഇത് വോട്ട് കച്ചവടം നടത്തിയതുകൊണ്ടാണോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.
‘മുഖ്യമന്ത്രി സ്ഥാനത്തിന്റെ മഹത്വം മനസ്സിലാക്കാതെ പ്രചാരണങ്ങള്‍ നടത്തരുത്. എന്‍.ഡി.എയുടെ വോട്ട് കുറഞ്ഞതുകൊണ്ട് വോട്ട് കച്ചവടം നടന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
അങ്ങനെയാണെങ്കില്‍ 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എട്ട് ശതമാനം വോട്ടുകളാണ് എല്‍.ഡി.എഫിന് 2016ല്‍ കുറഞ്ഞത്. അതായത് 16 ലക്ഷം വോട്ടുകള്‍. ഈ വോട്ടുകള്‍ വിറ്റുകിട്ടിയ പ്രതിഫലം എ.കെ.ജി സെന്ററിലേക്കാണോ ധര്‍മ്മടത്തേക്കാണോ പോയതെന്ന് മുഖ്യമന്ത്രി പറയണം,’ സുരേന്ദ്രന്‍ പറഞ്ഞു.
പല മണ്ഡലങ്ങളിലും എല്‍.ഡി.എഫിന് വോട്ട് ശതമാനം കുറഞ്ഞിട്ടുണ്ടെന്നും ഇതെല്ലാം വോട്ട് കച്ചവടം നടത്തിയിട്ടാണോയെന്നും സുരേന്ദ്രന്‍ ചോദിച്ചു. തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം പുതിയ ജനക്ഷേമ പദ്ധതികളെ കുറിച്ച് സംസാരിക്കാതെ, പാര്‍ട്ടി സെക്രട്ടറിയുടെ സ്റ്റെലിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ബി.ജെ.പിയുമായി വോട്ട് കച്ചവടം നടത്തിയിട്ടുണ്ടെന്നത് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. 2016ലേതില്‍ നിന്നും ബി.ജെ.പിയുടെ വോട്ടിംഗ് ശതമാനത്തില്‍ കുറവുണ്ടായത് യു.ഡി.എഫിന് വോട്ടുകള്‍ മറിച്ചതു കൊണ്ടാണെന്നും പിണറായി വിജയന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. കണക്കുകള്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബി.ജെ.പിയ്ക്ക് വോട്ട് കുറഞ്ഞ മണ്ഡലങ്ങളും വോട്ടില്‍ ഉണ്ടായ കുറവും ജില്ല തിരിച്ച് മുഖ്യമന്ത്രി അവതരിപ്പിച്ചു. 2016ല്‍ 30,60270 വോട്ട് ബി.ജെ.പിയ്ക്ക് ലഭിച്ചു. ഇത്തവണ അത് 25, 92139 വോട്ടായി കുറഞ്ഞു. നാല് ലക്ഷത്തിലേറെ വോട്ടിന്റെ കുറവാണ് സംഭവിച്ചത്.
യു.ഡി.എഫിന് കഴിഞ്ഞ തവണ 78,80,355 വോട്ട് നേടി. ഇത്തവണം 82,90196 വോട്ടായി മാറി. ബി.ജെ.പിയുടെ 4,20,761 വോട്ടുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് ഈ വ്യത്യാസമുണ്ടായത്. ഇത് വോട്ട് മറിച്ചതിന്റെ പ്രകടമായ തെളിവാണ്. പത്ത് മണ്ഡലങ്ങളിലെങ്കിലും ഈ വോട്ട് കൊണ്ടാണ് യു.ഡി.എഫ് ജയിച്ചതെന്ന് കണക്കുകള്‍ കാണിത്തുന്നു. അതില്ലായിരുന്നുവെങ്കില്‍ യു.ഡി.എഫിന്റെ പതനം ഇതിനേക്കാള്‍ വലുതാകുമായിരുന്നു.
2021ല്‍ 9470682 വോട്ടാണ് എല്‍.ഡി.എഫിന് ലഭിച്ചത്. യു.ഡി.എഫിനേക്കാള്‍ 12 ലക്ഷത്തിലേറെ വോട്ട് കൂടുതലാണിത്. 2016നേക്കാള്‍ എല്‍.ഡി.എഫിന് വോട്ടില്‍ കൂടുതലുണ്ടായി. എന്നാല്‍ യു.ഡി.എഫിന്റെ 38.79 ശതമാനം 39.4 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ ബി.ജെ.പിയുടെ 15 ശതമാനം 12 ശതമാനമായി കുറഞ്ഞു.
ബി.ജെ.പി വലിയ നേട്ടങ്ങളുണ്ടാക്കുന്ന സമയത്താണ് വോട്ടിംഗ് ശതമാനത്തില്‍ കുറവുണ്ടായിരിക്കുന്നത്. ഇത് വോട്ട് കച്ചവടത്തിന്റെ ഭാഗമായി യു.ഡി.എഫിന് പോയതാണെന്ന് വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ ആര്‍ക്കും മനസ്സിലാവുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഈ ആരോപണങ്ങള്‍ക്കെതിരെയാണ് കെ.സുരേന്ദ്രന്‍ ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 99 സീറ്റുകളില്‍ ജയിച്ചാണ് എല്‍.ഡി.എഫ് ഭരണതുടര്‍ച്ച നേടിയത്. 41 സീറ്റാണ് യു.ഡി.എഫിന് ലഭിച്ചത്. എന്‍.ഡി.എയ്ക്ക് ഒരു സീറ്റ് പോലും നേടാനായില്ല. കഴിഞ്ഞ തവണ ജയിച്ച നേമം സീറ്റില്‍ ഇപ്രാവശ്യം പരാജയപ്പെട്ടു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക